കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പുതിയ പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലം സി.പി.എമ്മിന്റെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണെങ്കിലും ശക്തമായ മത്സരം നടത്താൻ കഴിയുന്ന സ്ഥാനാർത്ഥിയെ തന്നെയാണ് കോൺഗ്രസ് രംഗത്തിറക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷയൊന്നുമില്ലെങ്കിലും കടുത്ത പോരാട്ടം നടത്തുകയെന്നാണ് യു.ഡി.എഫും ലക്ഷ്യമിടുന്നത്. ഇതിലൂടെ സംസ്ഥാനത്ത് പ്രചരണത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും പാർട്ടിയെയും സമ്മർദ്ദത്തിലാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നേരത്തെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഒറ്റ പേര് മാത്രമേ കോൺഗ്രസിന് ധർമ്മടത്തുണ്ടായിരുന്നു. ധർമ്മടം മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമായ മമ്പറം ദിവാകരൻ. കേവലം സൗഹൃദ മത്സരം പോലെ ആയിരുന്നു ഇതേവരെ മണ്ഡലത്തിൽ നടന്നുവന്നത്. രക്തസാക്ഷിയാകാൻ ഇത്തവണ താൻ മത്സരിക്കില്ലെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം കൂടിയായ മമ്പറം ദിവാകരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കോൺഗ്രസ് പുതുമുഖത്തെ തേടുന്നത്.
എരുവട്ടി പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിക്കെതിരെ നടന്ന ബോംബേറിൽ സി.പി.എം പ്രവർത്തകനായ കൊളങ്ങരേത്ത് രാഘവൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടയാളാണ് മമ്പറം ദിവാകരൻ. അദ്ദേഹം മത്സരിക്കുന്ന വേളകളിലെല്ലാം കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി മമ്പറം ദിവാകരനെ സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ചിത്രീകരിക്കാറുണ്ട്. എന്നാൽ ഇക്കുറിയതിന് അവസരം നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
കോൺഗ്രസ് ദേശീയ വക്താവും മാഹി ചെറുകല്ലായി സ്വദേശിനിയുമായ ഷമാ മുഹമ്മദിന്റെ പേരാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പറഞ്ഞുകേൾക്കുന്നത്. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി വേണുഗോപാൽ ഇതുസംബന്ധിച്ചു ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അനുമതി ലഭിച്ചാൽ ഷമ കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. കോൺഗ്രസിന്റെ തീപ്പൊരി പ്രസംഗികയും വനിതാ നേതാവുമായ ഷമ രാഹുൽ ബ്രിഗേഡിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ടോം വടക്കൻ വക്താവ് സ്ഥാനത്തു നിന്നും മാറി ബി.ജെ.പിയിൽ ചേർന്നതോടെ പകരമെത്തിയ വക്താക്കളിലൊരാളാണ് ഷമ. പൂനെയിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന ഇവർ ഡൽഹി കേന്ദ്രീകരിച്ചാണ് ഏറെ കാലമായി പ്രവർത്തിച്ചു വരുന്നത്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ വാദമുഖങ്ങൾ അതിശക്തമായി അവതരിപ്പിക്കുന്ന ഷമ മലയാളികൾക്കും സുപരിചിതയാണ്. ഷമ കെ.എസ്.യു പ്രവർത്തകയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പിന്നീട് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ മുൻനിര നേതാക്കളിലൊരാളായി. മംഗളുരു യേനപ്പോയ ദന്തൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ഷമ ഡോക്ടറായും പ്രാക്ടീസ് ചെയ്യുന്നുണ്ട്.