നീലേശ്വരം: ദേശീയപാത നീലേശ്വരം പാലത്തിന് സമീപത്തെ നെടുങ്കണ്ട വളവ് ഇപ്പോൾ മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരിക്കുകയാണ്. പാലത്തിന് വടക്ക് വശം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് മൂടി കിടക്കുന്ന സ്ഥലത്താണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. കാഞ്ഞങ്ങാട് നഗരസഭ അതിർത്തിയിൽ നിന്നും നീലേശ്വരം ഭാഗത്തേക്ക് വരുന്ന നെടുങ്കണ്ടവളവിൽ മാലിന്യം തള്ളി അതിൽ നിന്ന് ഊറി വന്ന മലിനജലം ദുർന്ധം വമിക്കുകയാണ്. ഇവിടെയുള്ള കാട് മൂടി കിടക്കുന്ന പ്രദേശത്ത് മാലിന്യങ്ങൾ തള്ളിയാൽ ആരും കാണില്ലെന്ന വിശ്വാസത്തിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

മാലിന്യം തള്ളുന്നതിന് തടയിടാൻ റോഡിനിരുവശവുമുള്ള കാട് വെട്ടിത്തെളിച്ച് ഈ ഭാഗങ്ങളിൽ സി.സി ടി.വി.കാമറ സ്ഥാപിക്കണമെന്ന നിർദ്ദേശം കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചയായിരുന്നു. എന്നാൽ കഴിഞ്ഞ ഭരണ സമിതിയുടെ കാലം മുതൽ ഈ ചർച്ച നടക്കുന്നതാണ്. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ട് പിടിക്കാൻ പൊലീസ് കാവൽ ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഭരണസമിതിക്കെങ്കിലും നെടുങ്കണ്ടവളവിൽ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.