കണ്ണൂർ:സ്ത്രീകളുൾപ്പെടെ മലയാളികൾക്കിടയിൽ കരൾ രോഗങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി ആന്റ് ലിവർ ട്രാൻസ്പ്ലാന്റേഷൻ കൺസൾട്ടന്റ് ഡോ.എൻ.സെൽവകുമാർ. കൃത്യമായ വ്യായാമത്തിന്റെയും ചിട്ടയായ ഭക്ഷണ രീതിയുടെയും അഭാവമാണ് ഗുരുതര കരൾ രോഗങ്ങൾക്ക് വഴിവെക്കുന്നത്. ഹെപ്പറ്റൈറ്റീസ് ,സിറോസിസ് ,മുഴകൾ,മെറ്റാബോളിക് പ്രവർത്തനങ്ങളുടെ തകരാറുകൾ,ഫാറ്റി ലിവർ ഡിസീസ് തുടങ്ങിയവയാണ് പൊതുവെ കരളിനെ ബാധിക്കുന്നതെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു.
ഇതിൽ സിറോസിസ് രോഗമാണ് നിലവിൽ വർദ്ധിച്ചു വരുന്നുത്.കരളിൽ സ്ഥായിയായ പാടുകളുണ്ടാക്കുന്ന അവസ്ഥയാണിത്.പലപ്പോഴും ഈ പാടുകൾ ഭേദമാക്കാനാവാതെ കരളിന്റെ പ്രവർത്തനം സ്തംഭിക്കുന്ന നിലയിലാകും. ഹെപ്പറ്റൈറ്റീസ് ബി,സി അണുബാധയും അമിത മദ്യപാനവുമാണ് പൊതുവെയുള്ള കാരണങ്ങൾ.ഫാറ്റി ലിവർ ഡിസീസും ധാരാളം പേരിൽ കണ്ടു വരുന്നുണ്ട്.പ്രത്യേകിച്ച് ദുർമേദസും അമിത വണ്ണമുള്ളവരിലും പ്രമേഹ രോഗികളിലും .ഉയർന്ന അളവിൽ ട്രൈഗ്ലിസറൈഡ്(കൊഴുപ്പ്) കാണപ്പെടുന്നവരിലും അമിതമായി മദ്യപിക്കുന്നവരിലും ആണ് സാധാരണഫാറ്റി ലിവർ ഉണ്ടാകുന്നതെന്നും ഡോ. സെൽവകുമാർ പറഞ്ഞു.
മിക്കപ്പോഴും ഈ കാരണങ്ങളൊന്നും കരളിനു കേടു വരുത്താറില്ല.എന്നാൽ ചില കാരണങ്ങളാൽ കരൾ വീക്കമോ പാടുകളോ ഉണ്ടാകാം.ജീവിത ശൈലി മാറ്റവും ആഹാര ശീലത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ഈ അസുഖത്തിന് പ്രധാന കാരണം.തുടക്കം മുതൽ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു ഗുരുതര കരൾ രോഗങ്ങൾക്ക് വഴിവെക്കാം.കരൾ രോഗങ്ങൾ പലപ്പോഴും പ്രകടമല്ല.മഞ്ഞപിത്തം ,വയറിനും കാലിനും നീര്,ക്ഷീണം,തളർച്ച ,ഒാക്കാനം ,വിശപ്പിലായ്മ എന്നിവയെല്ലാം കരൾ രോഗത്തിന്റെ ലക്ഷണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കരളിന്റെ ആരോഗ്യം നിലനിർത്താൻ
സമീകൃത ഭക്ഷണം
ശരീരഭാരം യോജിച്ച വിധത്തിൽ ക്രമപ്പെടുത്തണം
കൃത്യനിഷ്ഠയോടുമുള്ള വ്യായാമം
അമിത മദ്യപാനം ഒഴിവാക്കുക
കരളിന്റെ കരളേ...
കരളിന്റെ പ്രധാന ധർമ്മം നാം കഴിക്കുന്ന ആഹാര പദാർത്ഥങ്ങളിൽ നിന്ന് പോഷകഘടകങ്ങളെ ആഗിരണം ചെയ്യുന്ന രാസപ്രവർത്തനമാണ്.കാർബോഹൈഡ്രേറ്റിന്റെ ക്രമീകരണവും സംഭരണവും ,കൊഴുപ്പിന്റെ ആഗിരണത്തിലും സംഭരണത്തിലുമുള്ള ക്രമീകരണം ,ശരീരത്തിനാവശ്യമായ പ്രത്യേകിച്ച് അണുബാധ ചെറുക്കാനും രക്തം കട്ടപിടിക്കാനും സഹായകമായ പ്രോട്ടീനുകളുടെ നിർമ്മാണം എന്നിവയാണ് കരളിന്റെ പ്രധാന പ്രവർത്തനങ്ങൾ.