cherusseri
ചെറുശ്ശേരി ഇല്ലം നിലനിന്നിരുന്നുവെന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ശേഷിച്ച കല്ലുകൾ ദാമോദരൻ നമ്പൂതിരി ചൂണ്ടിക്കാണിക്കുന്നു

പാനൂർ: കോലത്തുനാട് ഭരിച്ച ഉദയവർമ്മന്റെ ആശ്രിതനായിരുന്ന പ്രാചീനമഹാകവി ചെറുശ്ശേരി ജനിച്ചത് പാട്യത്തെ മഞ്ചക്കൽ ഇല്ലത്താണെന്ന വാദം നിലനിൽക്കെ ഉചിതമായൊരു സ്മാരകം അദ്ദേഹത്തിന് ഒരുക്കണമെന്ന നിർദ്ദേശമുയരുന്നു.ബാലസാഹിത്യകാരൻ പ്രേമചന്ദ്രൻ ചമ്പാട് ആണ്

വിവിധ തെളിവുകൾ സമാഹരിച്ച് പാട്യം ഗ്രാമപഞ്ചായത്തിന് മുന്നിൽ നിവേദനവുമായെത്തിയത്. ഇതുസംബന്ധിച്ച് കൂടുതൽ ചരിത്രസമാഹരണം നടത്താൻ പ്രസിഡന്റ് എൻ.വി.ഷിനിജ ഭരണസമിതിയുമായി കൂടിയാലോചന നടത്തിക്കഴിഞ്ഞു.

2013ൽ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എം.ടി.കുമാരന്റെ ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ ജീവചരിത്രത്തിൽ ചെറുശ്ശേരിയുടെ ജന്മഗൃഹമായിരുന്ന മഞ്ചക്കൽ ഇല്ലത്തെെക്കുറിച്ച് പരാമർശമുണ്ട്. വാഗ് ഭടാനന്ദ ഗുരുദേവൻ ജനിച്ച തേനങ്കണ്ടിയിൽ വാഴവളപ്പ് എന്ന പുരാതനഗൃഹം സ്ഥിതി ചെയ്യുന്നത് ചെറുശ്ശേരി ജനിച്ച ഇല്ലത്ത് നിന്ന് ഒരു നാഴിക പടിഞ്ഞാറുമാറിയാണെന്നായിരുന്നു പരാമർശം. പി.കെ.ബൈജുവിന്റെ പാദമുദ്രകൾ എന്ന കൃതിയിലും ചെറുശ്ശേരിയുടെ ജന്മദേശം പാട്യം ആണെന്ന് പറയുന്നുണ്ട്. ചിറക്കൽ രാജാവുമായുള്ള ബന്ധം കൊണ്ട് ഇവിടെ ചിറക്കൽ കാവിൽ ശാന്തി ചെയ്യാനുള്ള അധികാരം ചെറുശ്ശേരി ഇല്ലക്കാർക്ക് പിന്നീട് വിവാഹബന്ധം വഴി തങ്ങൾക്ക് ലഭിക്കുകയായിരുന്നുവെന്നും പുനം ഇല്ലത്തിലെ പിൻതലമുറക്കാർ പറയുന്നു.

ആദ്യം പുഴക്കരയിലായിരുന്ന മഞ്ചക്കൽ ഇല്ലം നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് ഇന്നത്തെ പുനം ഇല്ലത്തേക്ക് മാറ്റി പണിയുകയായിരുന്നു.ചെറുശേരി ഇല്ലത്ത് ശേഷിച്ച ഒരു പെൺകുട്ടിയെ പുനം ഇല്ലത്തെ നമ്പൂതിരി വിവാഹം ചെയ്തതോടെ ഇവരും പുനം ഇല്ലക്കാരായി. ആദ്യം പുഴക്കരയിലുണ്ടായിരുന്നവരുടെ താവഴിയിൽപ്പെട്ടവരെ മഞ്ചക്കൽ ഇല്ലക്കാർ എന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഇപ്പോൾ ഇവിടെ താമസിക്കുന്ന പുനം ഇല്ലക്കാരനായ ദാമോദരൻ നമ്പൂതിരി പറയുന്നു. നാനൂറ് കൊല്ലം മുമ്പ് ഇല്ലം നിർമ്മിക്കുമ്പോൾ അടിത്തറ പാകാൻ വള്ള്യായിൽ നിന്ന് ഒരു മീറ്റർ നീളവും അര മീറ്റർ വീതിയും വരുന്ന കല്ലുകൾ എത്തിക്കുകയായിരുന്നുവെന്ന് പൂർവികർ വഴി പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. .

രാമായണം ചമ്പു കർത്താവായ പുനം നമ്പൂതിരിയും പുഴക്കൽ മഞ്ചക്കൽ ഇല്ലക്കാരായിരുന്നുവെന്നും ദാമോദരൻ നമ്പൂതിരി പറയുന്നു.ചിറക്കക്കാവുണ്ടായതും ഇവിടെ ശാന്തി അധികാരം ഉണ്ടായതും ചെറുശ്ശേരിക്കാർക്ക് കോലത്തിരിയുമായുള്ള ബന്ധത്തിലൂടെയാണെന്ന് പരമ്പരാഗതമായി പറഞ്ഞുകേട്ടതായും ഇദ്ദേഹം സൂചിപ്പിക്കുന്നു..ചെറുശ്ശേരി നമ്പൂതിരിയും കോലത്തിരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇവർ തലമുറകളായി പറയുന്നുണ്ട്.പാട്യത്തെ കോങ്ങാറ്റയിൽ കാവിൽ പുനം എന്നറിയപെടുന്ന പറമ്പ് ഇപ്പോഴുമുണ്ട് .പുനം ഇല്ലത്തിന്റെ നാഗസങ്കല്പം ഉള്ള പറമ്പാണത്. പുനം എന്ന പേരിൽ ഇപ്പോൾ ഒമ്പത് ഇല്ലങ്ങൾ തന്നെയുണ്ട്.

എം.ടി.കുമാരൻ മാസ്റ്റർ എഴുതിയ വാഗ് ഭടാനന്ദ ഗുരുദേവന്റെ ജീവചരിത്രത്തിലെ ചെറുശ്ശേരിയെക്കുറിച്ചുള്ള പരാമർശത്തെ ഇതുവരെ ആരും നിഷേധിച്ചുകണ്ടിട്ടില്ല. കൃഷ്ണഗാഥയിലെ ചില പ്രയോഗങ്ങൾ പാട്യം മേഖലയിൽ മാത്രം കേട്ടുവരുന്നതാണ്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി ഉചിതമായ സ്മാരകം മഹാകവിയ്ക്ക് ഒരുക്കണം- പ്രേമചന്ദ്രൻ ചമ്പാട്