കാഞ്ഞങ്ങാട്: വടക്കേമലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വമേകിയ ആദ്യകാല പി.എസ്.പി നേതാവും അറിയപ്പെടുന്ന അഭിഭാഷകനുമായ പി.കൃഷ്ണൻ നായർക്ക് ജന്മനാടായ പുല്ലൂരിൽ സ്മാരക മന്ദിരമുയരുന്നു. 1964 ൽ മരണപ്പെട്ട ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി നേരത്തെ നിലവിലുണ്ടായിരുന്ന ഗ്രന്ഥാലയവും വായനശാലയും ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. വണ്ണാർ വയലിൽ നിർമ്മിച്ച സ്മൃതി മണ്ഡപത്തിന് സമീപമാണ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്.

31ന് രാവിലെ 9.30 മന്ത്രി ഇ.ചന്ദ്രശേഖരൻ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കും. 1952ൽ അഡ്വ.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പുല്ലൂർ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ സെൻററിന്റെ നേതൃത്വത്തിൽ ഉദയനഗർ ഹൈസ്‌ക്കൂൾ സ്ഥാപിച്ചത് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വാർത്താസമ്മേളനത്തിൽ അഡ്വ.പി. കൃഷ്ണൻ നായർ സ്മാരക സമിതി പ്രസിഡന്റ് പി. പത്മനാഭൻ, സെക്രട്ടറി അനിൽ പുളിക്കാൽ, പെരിയകുഞ്ഞമ്പു നായർ, രാജൻ മാച്ചിപ്പുറത്ത്, ഇ.ഉണ്ണികൃഷ്ണൻ, ഈശ്വരൻ എമ്പ്രാന്തിരി , പി. കരുണാകരൻ നായർ, എ. കൃഷ്ണൻ ,പി.ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ വണ്ണാർ വയൽ, നാരായണൻ മാടിക്കാൽ, കൃഷ്ണൻ നായരുടെ സഹോദരി പി കമ്മാടത്തുഅമ്മ പങ്കെടുത്തു.