ചെറുതാഴം : പാറ്വേ.. മാള്വേ... എന്ന് നീട്ടിയുള്ള ഒരു വിളി കേൾക്കും ചെറുതാഴത്തെ ഗോവിന്ദേട്ടന്റെ വീട്ടിൽ നിന്നും . തൊട്ടുപിറകെ ഈ വിളിക്ക് കൃത്യമായി മറുപടിയും കേൾക്കാം. വിളി കേട്ടതിന് തൊട്ടുപിറകെ പത്തു പന്ത്രണ്ടു പേർ തുടർ മറുപടിയുമായി ചാടിയെഴുന്നേൽക്കും. മക്കളല്ല , ഗോവിന്ദേട്ടൻ സ്‌നേഹിച്ച് വളർത്തുന്ന പശുക്കളാണിവ. കഴിഞ്ഞ ഇരുപതു വർഷമായി ചെറുകുന്നിന്റെ പാലുത്പാദനത്തിൽ പങ്കാളിയായ ക്ഷീരകർഷകന്റെ വീട്ടന്തരീക്ഷം ഇങ്ങനെയാണ്. .
ചെറുതാഴം പ്രദേശത്തെ പ്രമുഖ ക്ഷീരകർഷകനായ ഗോവിന്ദേട്ടനും അദ്ദേഹത്തിന്റെ പശുക്കളും മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ സന്തോഷത്തിലാണ്. ഇഷ്ടം പോലെ പാലും തീറ്റയും പുല്ലും പിണ്ണാക്കുമൊക്കെയായി സമൃദ്ധിയുടെ നിറവിലാണവർ.ഇവരുടെ മാത്രം സ്ഥിതിയല്ലിത്. ചെറുതാഴത്തെ ഓരോ ക്ഷീരകർഷകനും ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നല്ല നാളുകൾ പിന്നിടുന്നു.
ക്ഷീരകർഷക കൂട്ടായ്മയായ ചെറുതാഴം ക്ഷീരസഹകരണ സംഘത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണം. ചെറുതാഴം മിൽക്കെന്ന പേരിൽ വിപണി കീഴടക്കുന്ന നാടിന്റെ നേരുള്ള പാൽക്കൊട്ടയിലേക്ക് മുപ്പത് ലിറ്ററോളം പാൽ നൽകുന്ന കെ വി ഗോവിന്ദനെപ്പോലുള്ള നിരവധി ക്ഷീരകർഷകർക്ക് കൈത്താങ്ങാവുകയാണ് ക്ഷീര സഹകരണ സംഘം. ന്യായവിലയ്ക്ക് പാൽ സംഭരിക്കുന്നതിനൊപ്പം പശുക്കൾക്കുള്ള തീറ്റയും മറ്റു സഹായങ്ങളും നൽകി സംഘം കർഷകർക്ക് തുണയേകുന്നു.ജില്ലയിലാകെ ഏറെ ആവശ്യക്കാരുള്ള നാടൻ പാലുൽപാദന കേന്ദ്രമായി ക്ഷീര സംഘം വളരുമ്പോൾ സാധാരണക്കാരായ ക്ഷീരകർഷകരുടെ കൂട്ടായ്മയുടെ വിജയം കൂടിയായി അത് മാറുന്നു.
പാലുൽപ്പാദത്തിനായി നിറവ്
കല്യാശ്ശേരി നിയോജമണ്ഡലത്തിൽ നടപ്പാക്കുന്ന നിറവ് കല്യാശേരി പദ്ധതിയുടെ ഭാഗമായാണ് പ്രദേശത്തിനാവശ്യമായ പാൽ പ്രദേശത്ത് തന്നെ ഉൽപാദിപ്പിക്കുക എന്നൊരു ആശയം മുന്നോട്ട് വെക്കുന്നത്. പഞ്ചായത്തിലെ ക്ഷീരോൽപ്പാദനം വർധിപ്പിക്കുകയായിരുന്നു ആദ്യപടി. കൃത്യമായ പരിചരണത്തിലൂടെയും പരിശ്രമത്തിലൂടെയും ആദ്യഘട്ടത്തിൽ തന്നെ ചെറുതാഴം പഞ്ചായത്തിലെ പാൽ ഉല്പാദനം മൂന്നിരട്ടിയായി വർധിപ്പിക്കാൻ ക്ഷീരകർഷകർക്ക് സാധിച്ചു. 650 ലിറ്റർ പാൽ സംഭരണത്തിൽ നിന്നും പ്രതിദിനം 2000 ലിറ്റർ പാൽ സംഭരണത്തിലേക്കെത്താൻ ഇവർക്കു സാധിച്ചു.
സംഘത്തിന്റെ സ്വന്തം ഫണ്ടും ചേർത്ത് രണ്ട് കോടി അഞ്ച് ലക്ഷം രൂപ ചെലവിലാണ് ചെറുതാഴം മിൽക്കിനായി ഡയറി പ്രോസസ്സിംഗ് പ്ലാന്റ് യാഥാർത്ഥ്യമാക്കിയത്. ഇതോടെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തന്നെ പരമ്പരാഗത ക്ഷീരസംഘങ്ങളുടെ ബാക്കി വരുന്ന പാൽവിതരണം ചെയ്യാനുള്ള അവസരവും കൈവന്നു.തനി നാടൻ പാലിന് ജില്ലയിലെമ്പാടും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്-
കെ.സി. തമ്പാൻ,പ്രസിഡന്റ്, ചെറുതാഴം ക്ഷീര സഹകരണ സംഘം