തലശ്ശേരി: ഫ്രോണ്ടിയേഴ്സ് ഓഫ് കോ -ഓപ്പ്.ബാങ്കിംഗ് അവാർഡ് ഏജൻസിയുടെ ബെസ്റ്റ് പെർഫോമൻസ് അവാർഡിന് കതിരൂർ സർവീസ് സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തു. കൊവിഡ് കാലത്ത് പോലും സ്തുത്യർഹമായ അർപ്പണബോധത്തോടെ കർത്തവ്യനിർവ്വഹണം നടത്തിയ ജീവനക്കാരും ക്രിയാത്മകമായി നേതൃത്വം നടത്തിയ ഭരണ സമിതിയും കൈകോർത്ത് നടത്തിയ മാതൃകാ പ്രവർത്തനത്തിലൂടെയാണ് ദേശീയ തല അംഗീകാരം ലഭിച്ചതെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയനും സെക്രട്ടറി എം. മോഹനനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1962 ൽ ആരംഭിച്ച ബാങ്കിന് ഇപ്പോൾ 27,000 എ ക്ലാസ് അംഗങ്ങളുണ്ട്. 96 ന് ശേഷം തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. മികച്ച സേവനത്തിന്റെ പേരിൽ ഐ.എസ്.ഒ. സർട്ടിഫിക്കറ്റും ഇതിനകം ബാങ്ക് സ്വന്തമാക്കിയതായി ഇരുവരും അറിയിച്ചു. നിക്ഷേപത്തിലും വായ്പയിലുമുള്ള വർദ്ധനവ്, ലാഭക്ഷമത, അംഗങ്ങൾക്ക് നൽകി വരുന്ന ഡിവിഡണ്ട്, ഏറ്റവും കുറഞ്ഞ വായ്പ കുടിശ്ശിക, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് ബെസ്റ്റ് പെർഫോമൻസ് അവാർഡിന് കതിരൂർ ബാങ്കിനെ തിരഞ്ഞെടുത്തത്. എ. വേണു, കെ. സുരേഷ്, കെ. രാജക്കുറുപ്പ്, കെ. അശോകൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.