കാസർകോട് :കൊവിഡ് നിയന്ത്രണവിധേയമാണെങ്കിലും അതിജാഗ്രത തുടരണമെന്ന് കാസർകോട് ജില്ലാഭരണകൂടം. ആഘോഷങ്ങളും പരിപാടികളും പൂർണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമേ നടത്തുന്നുള്ളൂവെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബു പൊലീസിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
ഇന്നലെ കാസർകോട്ട് ജില്ലാതല കൊവിഡ് കോർകമ്മിറ്റി യോഗം ചേർന്നിരുന്നു. മലയോരത്ത് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാം. വാർഡ്തല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സ്‌കൂളുകളിൽ കൊവിഡ് വ്യാപനം തടയാൻ അതീവ ജാഗ്രതയും മുൻകരുതലും സ്വീകരിക്കണം. കാൾ അറ്റ് സ്‌കൂൾ, കാൾ അറ്റ് കോളേജ് പദ്ധതി കാര്യക്ഷമമാക്കി കുട്ടികളിൽ അവബോധമുണ്ടാക്കാൻ നടപടി സ്വീകരിക്കാൻ ഡി.ഡി.ഇ യോട് ആവശ്യപ്പെട്ടു. ഇതിന് എല്ലാ എ.ഇ.ഒമാരുടെയും യോഗം വിളിക്കും. വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന എല്ലാ യോഗങ്ങളിലും കോവിഡ് പ്രോട്ടോക്കാൾ കർശനമായി പാലിക്കണം. 20 പേരിൽ കൂടുതൽ പേർ പങ്കെടുക്കരുത്. തദ്ദേശ സ്ഥാപന യോഗങ്ങളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.സിവൽ സപ്ലൈസ് വകുപ്പ് മുഖേനയുള്ള ഭക്ഷ്യകിറ്റ് വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസറോട് നിർദ്ദേശിച്ചു.
പരിപാടികൾക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള അനുമതി വേണം
സ്‌റ്റേഷൻ ഹൗസ് ഓഫീസറെയും അറിയിക്കണം
പരിപാടികളിൽ ജാഗ്രതാസമിതി അംഗങ്ങൾ, സെക്ടറൽ മജിസ്‌ട്രേറ്റ്, മാഷ് നോഡൽ ഓഫീസർ സാന്നിധ്യം ഉറപ്പാക്കണം
ക്ഷേത്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് അടച്ചിട്ട വേദികളിൽ 100 പേരും തുറന്ന വേദികളിൽ 200 പേരും മാത്രം
ഉത്സവങ്ങളെ ആചാരാനുഷ്ഠാനങ്ങളിൽ ഒതുക്കണം
സ്‌കൂളുകൾ, മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടി വരും-
ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബു