പേരാവൂർ: ആഫ്രിക്കൻ അത്ഭുതപഴമായ മിറാക്കിൾ ഫ്രൂട്ട് തൊടിയിൽ വിളഞ്ഞതിന്റെ സന്തോഷത്തിലാണ് കണിച്ചാർ ചാണപ്പാറയിലെ പുത്തലത്ത് ശ്രീജിത്ത്. ചെറു ശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറുസസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരിക്കുമെന്നതാണ് ഇതിന്റെ പ്രധാന വിശേഷം.
പുളിയും കയ്പ്പുമുള്ള ഭക്ഷണ പദാർത്ഥങ്ങളെ വരെ ഈ പഴം മധുരിപ്പിക്കും.മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ 'മിറാക്കുലിൻ' എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്ക് പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒപ്പം പുളിയും കയ്പ്പും അറിയുന്ന സ്വാദ് മുകുളങ്ങളെ നിർവീര്യമാക്കുകയും ചെയ്യും.
കടുംചുവപ്പ് നിറമുള്ള പഴത്തിന് ഒരു വലിയ ഈന്തപ്പഴക്കുരുവിന്റെ വലിപ്പമേയുള്ളു.കുരു മുളപ്പിച്ചാണ് തൈകൾ വളർത്താറുള്ളത്. കുരുവിന്റെ പുറത്തുള്ള മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മധുരം കഴിക്കുന്നതിന് നിയന്ത്രണമുള്ള പ്രമേഹരോഗികൾക്ക് ഒരനുഗ്രഹം തന്നെയാണ് ഈ ഫലം.
രണ്ടു വർഷം മുൻപ് പേരാവൂർ ഫെസ്റ്റ് നഗരിയിൽ നിന്നാണ് ശ്രീജിത്ത് ഒരു വർഷം പ്രായമുള്ള മിറാക്കിൾ ഫ്രൂട്ടിന്റെ തൈ വാങ്ങിയത്.കഴിഞ്ഞവർഷം രണ്ടു പഴങ്ങളാണുണ്ടായതെങ്കിലും ഇക്കുറി സമൃദ്ധമായി കായകളുണ്ടാകുന്നുണ്ട്.
ജൈവവളം മാത്രമാണ് ശ്രീജിത്ത് ഉപയോഗിച്ചത്. പഴം കഴിച്ചശേഷം നല്ല പുളിയുള്ള ചെറുനാരങ്ങ കഴിച്ചപ്പോൾ ഓറഞ്ച് പോലെയും പച്ച മാങ്ങ മാമ്പഴത്തിന്റെ രുചിയുമാണെന്ന് വീട്ടുകാർ പറയുന്നു.
സപ്പോട്ടയുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ പഴങ്ങളുണ്ടാകുന്നത് വേനൽക്കാലത്താണെങ്കിലും കേരളത്തിലെ കാലാവസ്ഥ അനുകൂലമായതിനാൽ വർഷം മുഴുവൻ ഇടവിട്ട് കായ്ക്കും.വിത്ത് മുളപ്പിച്ചും, കമ്പ് മുറിച്ച് നട്ടും ഇത് വളർത്താം.
അമ്പത് ശതമാനം മാത്രം വെയിലുള്ളിടത്ത് വളർത്തുന്നതാണ് അഭികാമ്യം. ചെടിച്ചട്ടികളിലും നിലത്തും നട്ടുപിടിപ്പിക്കാം.
ആൾപ്പൊക്കത്തിൽ വളരും
'സപ്പോട്ടേസിയ' സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ മാത്രമേ വളരാറുള്ളു. പുഷ്പിക്കാൻ രണ്ടു മുതൽ മൂന്നു വർഷം വരെ സമയമെടുക്കും. പൂക്കൾക്ക് ചെറിയ സുഗന്ധവുമുണ്ട്. രോഗ കീടബാധയുടെ ശല്യങ്ങളൊന്നും സാരമായി ബാധിക്കാറുമില്ല. കായ രണ്ടാഴ്ച കഴിയുമ്പോൾ പഴുക്കാൻ തുടങ്ങും. മിറക്കിൾ ബെറി, സ്വീറ്റ് ബെറി എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.തൈകളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് കേരളത്തിൽ ഇവയുടെ പ്രചാരണത്തിന് തടസ്സമാകുന്നത്.