കേളകം: റബ്ബർ തോട്ടത്തിൽ തീപിടിച്ച് ഏക്കറുകണക്കിന് സ്ഥലം കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ചീരംവേലിൽ പാനൂസിന്റെ റബ്ബർ തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. തുടർന്ന് കണിച്ചാർ സെന്റ് ജോർജ് പള്ളിയുടെ കശുമാവിൻ തോട്ടത്തിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തത്തിൽ ഏക്കറുകണക്കിന് കശുമാവിൻ തോട്ടവും പൂർണ്ണമായും കത്തിനശിച്ചു. പേരാവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയെങ്കിലും തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് വാഹനമെത്തിപ്പെടാൻ കഴിയാതായതോടെ തീയണയ്ക്കുന്നതിന് താമസം നേരിട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.