congress

കണ്ണൂർ: കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയചർച്ചയുടെ തുടക്കത്തിൽ ഇരിക്കൂറിൽ കെ.സി.ജോസഫ് എന്ന പ്രഖ്യാപനം ഇനി ഉമ്മൻചാണ്ടിയിൽ നിന്നുണ്ടാകില്ലെന്ന് ഉറപ്പായി. നാൽപത് വർഷമായി പ്രതിനിധികരിക്കുന്ന മണ്ഡലത്തോട് നന്ദി പറഞ്ഞ കെ.സി.ജോസഫ് ചങ്ങനാശ്ശേരി സീറ്റ് കിട്ടിയാൽ മത്സരിക്കാമെന്ന നിലപാടിലെടുത്തതോടെ ഇരിക്കൂറിൽ പുതിയ മുഖങ്ങളിലേക്ക് ചർച്ചകൾ ഉരുത്തിരിഞ്ഞുതുടങ്ങി.

എട്ട് തവണ താൻ മത്സരിച്ച് ജയിച്ച സീറ്റിൽ പുതുമുഖമാകാമെന്ന നിലപാടിലാണ് കെ.സി.ജോസഫ്. കോൺഗ്രസിന്റെ ഈ ഉരുക്കുകോട്ടയിൽ മത്സരിക്കുന്നവർ തനിക്കു കൂടി സ്വീകാര്യനാകുന്ന ആളായിരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസിലെ എ.വിഭാഗത്തിലെ ഈ അതിശക്തൻ. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, സജീവ് ജോസഫ് എന്നിവരാണ് ഇപ്പോൾ ഇരിക്കൂർ സീറ്റിന് കണ്ണുവച്ചിരിക്കുന്നത്. കെ.സി. ജോസഫിന്റെ വിശ്വസ്തനെന്നതാണ് സോണി സെബാസ്റ്റ്യന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. എന്നാൽ സാക്ഷാൽ രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം സജീവ് ജോസഫിനെ തുണച്ചാൽ കെ.സിയ്ക്കും ഒ.സിയ്ക്കും സോണി സെബാസ്റ്റ്യന്റെ കാര്യത്തിൽ അനുകൂലതീരുമാനമെടുക്കൽ എളുപ്പമാകില്ല.

കെ.സി.ഇത്തവണയും മത്സരിക്കണമെന്ന ആഗ്രഹമാണ് ഇടതുക്യാമ്പ് പങ്കുവെക്കുന്നത്. ഇത് കോൺഗ്രസിൽ പൊട്ടിത്തെറികൾക്ക് ഇടയാക്കുമെന്നും കേരള കോൺഗ്രസിന്റെ ശക്തി കൂടി ചേരുന്നതോടെ സീറ്റ് പിടിച്ചെടുക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണിത്. മലബാറിൽ മൂന്ന് സീറ്റുകൾ വേണമെന്നാണ് ജോസ്.കെ.മാണിക്ക് ആവശ്യപ്പെടുന്നത്. ഇതിൽ ഇരിക്കൂർ ഉൾപെടുത്താൻ സി.പി.എം ആലോചിക്കുന്നുണ്ട്. സി.പി.ഐ മത്സരിക്കുന്ന സീറ്റാണെങ്കിലും പകരം പേരാവൂർ നൽകിയാൽ ഇക്കാര്യത്തിൽ തീരുമാനമായേക്കും. മലയോര മേഖലയിൽ ജോസ് കെ.മാണി വിഭാഗത്തിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂർ.

ഇരിക്കൂറിൽ കെ.സി.ജോസഫ് തൊട്ടടുത്ത എതിരാളിയെക്കാൾ ....

കഴിഞ്ഞ എട്ടുതവണയും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവാർത്തകളിൽ പതിവ് തെറ്റാതെ ഈ വാചകമുണ്ടായിരുന്നു. 1982ലാണ് സ്വന്തം നാടായ കോട്ടയത്ത് നിന്നും കെ.സി. ജോസഫ് ആദ്യമായി ഇരിക്കൂറിലെത്തുന്നത്. തുടർന്ന് തുടർച്ചയായി എട്ട് തവണ ജയം. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം കെ.സിക്കെതിരെ ഇരിക്കൂറിൽ പാളയത്തിൽ പട ഉണ്ടായിട്ടുണ്ട്. എന്നാൽ അവസാന നിമിഷം എല്ലാം അദ്ദേഹത്തിന് അനുകൂലമാകും. പാർട്ടിക്കുളളിലെ കലാപം തെരുവിലേക്ക് പടർന്ന കഴിഞ്ഞ തവണ 9647 വോട്ടുകൾക്കാണ് ഇരിക്കൂർ കെ.സിയെ വിജയിപ്പിച്ചത്.
മണ്ഡലത്തിൽ നിർണായകശക്തിയുള്ള മുസ്ലീം ലീഗ് കെ.സിക്കൊപ്പം കട്ടയ്ക്ക് നിന്നാണ് കഴിഞ്ഞ തവണ സീറ്റു നില നിർത്തിയത്. എന്നാൽ ആ വിജയത്തോടെ മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ ഗ്രൂപ്പ് ഭേദമെന്യേ നീക്കം തുടങ്ങിയിരുന്നു.

മേൽവിലാസത്തിലെന്ത്, സീറ്റിലാ കാര്യം

സമീപമണ്ഡലങ്ങളിലെ ചില സീറ്റ് മോഹികൾ വീട് പോലും ഇരിക്കൂറിലേക്ക് മാറിയെന്ന ശ്രുതിയും ഇതിനിടെ ഇരിക്കൂറിൽ പരന്നിട്ടുണ്ട്. മേൽവിലാസം നഷ്ടപ്പെട്ടാലും വേണ്ടില്ല, ഇരിക്കൂറിൽ നിന്ന് ജയിക്കണമെന്ന വാശിയിലാണ് ഇവരിൽ ചിലർ.കേരളത്തിൽ എവിടെയുള്ളവർക്കും ഏത് മണ്ഡലത്തിലും മത്സരിക്കാമെങ്കിലും നാട്ടുകാരനെന്ന പരിവേഷം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ