bholpuri

കണ്ണൂർ:ലോക്ഡൌണിനെ തുടർന്ന് അടച്ചിട്ട തട്ടുകടകളിൽ മിക്കതും വീണ്ടും സജീവമായി.കുറഞ്ഞ ചിലവിൽ രുചികരമായ ഭക്ഷണം ലഭിക്കുന്ന ഇടമെന്ന നിലയിൽ ഉപകാരപ്പെടുന്നുണ്ടെങ്കിലും കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര ജാഗ്രതയില്ലാതെയാണ് ഇവയിൽ പലതിന്റെയും പ്രവർത്തനം.

ഭക്ഷ്യസുരക്ഷവിഭാഗത്തിന്റെ നിരീക്ഷണം ഇത്തരം കടകളിൽ അപൂർവമായി മാത്രമെ ഉണ്ടാകുന്നുള്ളു. പല തട്ടുകടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള നിർദേശങ്ങൾ അവഗണിക്കപ്പെടുകയാണ് പല തട്ടുകടകളും പ്രവർത്തിച്ചുതുടങ്ങുന്നത് സന്ധ്യയ്ക്ക് ശേഷമായതിനാൽ ഉദ്യോഗസ്ഥരുടെ ദൃഷ്ടി പതിയാത്ത അവസ്ഥയാണുള്ളത്. ആളുകൾ യാതൊരു ജാഗ്രതയുമില്ലാതെയാണ് ഇവിടങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത്.മാസ്ക് ഉപയോഗിക്കാതെയാണ് പലരുടെയും പാചകവും.കൈ കഴുകുവാൻ സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ മിക്കയിടത്തും ഒരുക്കിയിട്ടില്ല. രാജ്യം കടുത്ത ജാഗ്രത പുലർത്താൻ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് അലംഭാവം നിറഞ്ഞ സമീപനം.

കൊവിഡിൽ മുടങ്ങിയ പരിശോധന

ലോക് ഡൗണിന് ശേഷം ഇത്തരം കടകളിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന സജീവമായിട്ടില്ല. കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമോ, വൃത്തിഹീനമായ ചുറ്റുപാടോ പരിശോധിച്ച് നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പോ,തദ്ദേശസ്ഥാപനത്തിലെ ആരോഗ്യവിഭാഗമോ തയ്യാറായിട്ടില്ല.ഇവിടേക്ക് എത്തിക്കുന്ന പലഹാരങ്ങൾ ഏതുവിധത്തിലാണ് തയ്യാറാക്കുന്നതെന്നും അന്വേഷണമുണ്ടാകുന്നില്ല.പലതവണ ഉപയോഗിച്ച എണ്ണയാണ് മിക്കയിടത്തും പാചകത്തിന് ഉപയോഗിക്കുന്നത്.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നതാണ് ഈ രീതി.

ഉപയോഗിക്കുന്ന കുടിവെള്ളം ഉൾപ്പെടെയുള്ളവയുടെ ഗുണ നിലവാരവും പരിശോധിക്കപ്പെടേണ്ടതാണ്.

തട്ടിപ്പിനല്ല തട്ടുകട

കുടിവെള്ളത്തിന്റെ ഗുണനിലവാര റിപ്പോർട്ട്

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്‌ട്രേഷൻ

പഞ്ചായത്ത് ലൈസൻസ്