കൂത്തുപറമ്പ്: അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ മമ്പറത്ത് നിർമ്മിക്കുന്ന സമാന്തര പാലം യാഥാർത്ഥ്യമാകുന്നു. അടുത്ത മാസത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള നടപടികളാണ് ദ്രുതഗതിയിൽ നടന്നുവരുന്നത്. അപ്രോച്ച് റോഡിന്റെയും, കൈവരിയുടെയും, ഫൂട്ട് പാത്ത് സ്ലാബിന്റെയും പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്.
12. 31 കോടി രൂപ ചെലവിട്ടാണ് കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലെ പ്രധാന പാലത്തിന്റെ നിർമ്മാണം. 17 സ്പാനുകളുടെയും, മറ്റ് അനുബന്ധ പ്രവൃത്തികളും ഇതിനകം പൂർത്തിയായി. 38 തൂണുകളാണ് ആകെയുള്ളത്. പെരളശ്ശേരി- വേങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് 287 മീറ്റർ നിളമുള്ള പാലത്തിന്റെ നിർമ്മാണം. 40 വർഷംം മുൻപ് നിർമിച്ച മമ്പറം പാലം അപകടാവസ്ഥയിലായതിനെ തുടർന്നാണ് സമാന്തര പാലം നിർമ്മിക്കുന്നത്.
2018ൽ ആണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ലോക്ക് ഡൗണും, ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പാലം ഉയരം കൂട്ടി നിർമ്മിക്കേണ്ടതിനാലും പ്രവൃത്തി വൈകാൻ കാരണമായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
സ്ഥലം ഏറ്റെടുപ്പിൽ തട്ടി
12 വർഷം മുൻപ് അപകടാവസ്ഥയിലായ പാലം നിർമ്മിക്കാൻ 2012ൽ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കുന്നതിലെ സങ്കീർണ്ണതകൾ കാരണം നിർമ്മാണം ആരംഭിച്ചിരുന്നില്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കുകയും നിർമ്മാണം ത്വരിതഗതിയിലാക്കുകയുമായിരുന്നു.
നിർമ്മാണ ചെലവ്
12.31 കോടി