കാസർകോട്: ബാങ്കിൽ നിന്ന് വായ്പ എടുത്ത സുഹൃത്ത് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ജാമ്യം നിന്ന തന്റെ ശമ്പളത്തിൽ നിന്ന് പണം പിടിക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ഒറ്റയാൾ സമരം. കാസർകോട് ​ഡിപ്പോയിൽ ജോലി ചെയ്യുന്ന മൊഗ്രാൽപുത്തൂർ സ്വദേശി പി.കെ ഷംസുദ്ദീനാണ് ഇന്ന് രാവിലെ ഡിപ്പോ രണ്ടാം നിലയിലുള്ള ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ കാര്യാലയത്തിന് മുന്നിൽ നിൽപ് സമരം നടത്തിയത്.

ലോട്ടറി സ്റ്റാൾ തുടങ്ങുന്നതിന് ശംസുദ്ദീന്റെ സുഹൃത്ത് കോട്ടക്കണ്ണിയിലെ സുദർശൻ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് രണ്ടുവർഷം മുമ്പ് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഒരു ലക്ഷം രൂപ സുദർശൻ തിരിച്ചടച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച സുദർശൻ മരിച്ചു. ചികിത്സയ്ക്ക് ആറ് ലക്ഷത്തോളം രൂപ ചെലവായി. സുദർശൻ മരിച്ചതോടെ രണ്ടുകുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം അനാഥമായി. തുക അടക്കാത്തത് കാരണം ശംസുദ്ദീന്റെ ശമ്പളത്തിൽ നിന്ന് പ്രതിമാസം പതിനായിരം രൂപ വീതം പിടിച്ചെടുക്കുന്നുണ്ട്.

സ്വകാര്യ ലോൺ തിരിച്ചടവും വീടിന്റെ വാടകയും മറ്റു ചെലവുകളും കാരണം ഏറെ ദുരിതത്തിലാണെന്നും പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് സമരത്തിനിറങ്ങിയതെന്നും ശംസുദ്ദീൻ പറഞ്ഞു. 13 വർഷമായി കാസർകോട് ഡിപ്പോയിൽ ജോലിചെയ്യുന്ന ശംസുദ്ദീൻ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറി കൂടിയാണ്.