തളിപ്പറമ്പ്: നഗരസഭാ പരിധിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്ത് നടപടിയെടുത്ത് ആരോഗ്യ വിഭാഗം. കാർ സ്റ്റാൻഡിന് സമീപം ഉള്ളതും നബ്രാസ് ജംഗ്ഷൻ പരിസരങ്ങളിലെ തട്ടുകടകൾ ആണ് നഗരസഭാ ആരോഗ്യ വിഭാഗം നീക്കം ചെയ്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നതെന്നും പൊതു സ്ഥലത്ത് തട്ടുകടകൾ സ്ഥാപിച്ച് വാടകക്ക് നൽകുന്നതായും പരാതി ഉണ്ടായിരുന്നു.
തുടർന്ന് സ്ഥിരം സംവിധാനമൊരുക്കി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികാരികൾ ഒരാഴ്ച മുൻപ് നോട്ടീസ് നൽകി. ഉടമകൾക്ക് സ്വയം നീക്കാനുളള അവസരം നൽകിയിട്ടും തയ്യാറാകാത്ത തട്ടുകടകളാണ് ഇ നീക്കം ചെയ്തത്. പിഴയീടാക്കി പിടിച്ചെടുത്ത തട്ടുകടകളും സാമഗ്രികളും വിട്ടു നൽകുമെന്നും കച്ചവടത്തിനു ശേഷം മാറ്റിയിടാവുന്ന രീതിയിലുളള തട്ടുകടകൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നതിന് തടസമില്ലെന്നും അനധികൃത തട്ടുകടകൾക്കെതിരെയുള്ള നടപടി തുടരുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി കൃഷ്ണൻ പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്. അബ്ദുൽ റഹ് മാൻ, ബിജോ പി. ജോസഫ് എന്നിവരുടെയും നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.