food

കണ്ണൂർ: 'ഉച്ചയോടെ നല്ല തിരക്കാകും. തോരനും അച്ചാറും പച്ചക്കറിയും മീൻ കറിയുമുൾപ്പെടെയുള്ള ഊണാണ് ഇരുപത് രൂപയ്ക്ക് . അറിഞ്ഞവർ അറിഞ്ഞവർ വരുമ്പോൾ നല്ല തിരക്ക് തന്നെയാണ് ​-.നാക്കിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതിനിടെ കുടുംബശ്രീ പ്രവർത്തകയായ എം. പി നീമയുടെ വാക്കുകൾ ഇങ്ങനെ. തലശ്ശേരി പുതിയ സ്റ്റാൻഡിലെ കൽപ്പക ആർക്കേഡിൽ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ സെക്രട്ടറിയായ നീമയുടെ വാക്കുകളിൽ വലിയൊരു സംരംഭത്തിന്റെ കഥ തുടങ്ങുന്നു.

വിശപ്പു രഹിത കേരളമെന്ന ദൗത്യത്തിന് പിന്നിൽ തുടങ്ങിയതാണ് ജില്ലയിൽ പ്രവർത്തിക്കുന്ന 75 ഭക്ഷണശാലകളും. ഇതിൽ 11 എണ്ണം നഗരങ്ങളിലും 64 എണ്ണം ഗ്രാമങ്ങളിലുമാണ്. ജില്ലയിലെ വിവിധ ജനകീയ ഹോട്ടലുകളിൽ നിന്നും ഒരു ദിവസം 15,000 ഊണാണ് ചെലവാകുന്നത്.

സാധാരണക്കാരന് താങ്ങാനാവുന്ന നിലയിൽ ഉച്ചഭക്ഷണം ലഭിച്ചു തുടങ്ങിയതോടെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയാകുമ്പോഴേക്കും ജനകീയ ഹോട്ടലിൽ തിരക്ക് തുടങ്ങും. ഇത് ഇവിടുത്തെ മാത്രം കഥയല്ല. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ സാധാരണക്കാരായ മനുഷ്യരെ അന്നമൂട്ടുകയാണ്. കൂട്ടത്തിൽ ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ. ചോറിന് പുറമെ സ്‌പെഷ്യലായി മീൻ പൊരിച്ചതും ഓംലറ്റും ഇവിടെ ലഭിക്കും. 40 രൂപയ്ക്ക് അയല പൊരിച്ചതും കിട്ടും. പാർസലാണെങ്കിൽ ഊണിന് 25 രൂപയാണ്.

കടത്തിൽ തുടക്കം
കൊവിഡിനെ തുടർന്ന് ജൂണിൽ ആരംഭിച്ച സമൂഹ അടുക്കളകളാണ് പിന്നീട് ജനകീയ ഹോട്ടലുകളായത്. ജില്ലയിലെ മികച്ച ജനകീയ ഹോട്ടൽ എന്ന നേട്ടത്തിലേക്കെത്തുമ്പോൾ തലശ്ശേരി ജനകീയ ഹോട്ടലിനും ഇതെ കഥയാണ് പറയാനുള്ളത്. തലശ്ശേരി നഗരസഭാ കൗൺസിലർമാരായിരുന്ന ആറംഗ സംഘം ലോക്ഡൗൺ കാലത്ത് ഒരു സേവനമെന്ന നിലയിലാണ് സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. പിന്നീട് ജൂലായിൽ അഞ്ച് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ജനകീയ ഹോട്ടൽ തുടങ്ങി.. പാത്രങ്ങൾ വാങ്ങിക്കുവാൻ 50000 രൂപയും ഫർണിച്ചറുകൾ വാങ്ങിക്കുവാൻ 42000 രൂപയും കുടുംബശ്രീ നൽകി. സമൂഹ അടുക്കള പ്രവർത്തിക്കുന്ന നാല് മുറി കെട്ടിടത്തിന്റെയും വൈദ്യുതിയുടെയും വാടക നഗരസഭയാണ് നൽകുന്നത്. അഞ്ചുപേരുടെ സംരംഭമാണിന്ന് പൈതൃകനഗരത്തിന്റെ വിശപ്പ് പരിഹരിക്കുന്നത്.