ന്യൂമാഹി: വ്യാപാര ലൈസൻസ് വേണ്ട. ശുചിത്വ സർട്ടിഫിക്കറ്റ് വേണ്ട, ഫുഡ് ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും വേണ്ട, ലേബർ രജിസ്‌ട്രേഷനും വേണ്ട. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഹോട്ടലുകളും, സൂപ്പർ മാർക്കറ്റുകളെ പിന്നിലാക്കുന്ന പഴം പച്ചക്കറി മൊത്ത വ്യാപാരശാലകളും ആർക്കും യഥേഷ്ടം നടത്താം. റോഡരികിൽ, ഹൈപവർ ലൈനിന് തൊട്ടുതാഴെ, ദേശീയപാത കൈയേറി മുളകളടക്കമുള്ള വലിയ ചെടികൾ വിൽപ്പന നടത്തുന്ന അനധികൃത നഴ്സറികൾ വരെ നടത്താം. ദേശീയപാതയിലെ ഇടുങ്ങിയ റോഡുള്ള മാഹി പാലത്തിനും, കുറിച്ചിയിൽ പെട്ടിപ്പാലത്തിനുമിടയിലാണ് അനധികൃത വ്യാപാരശാലകൾ ദിനംപ്രതി മുളച്ച് പൊന്തുന്നത്.
കൊവിഡ് കാലത്തും അർദ്ധരാത്രിയും കഴിഞ്ഞ് ഇവ ഉത്സവം പോലെ കണ്ണഞ്ചിക്കുന്ന വൈദ്യുതാലങ്കാരങ്ങളുമായി പ്രവർത്തിക്കുകയാണ്. പഞ്ചായത്ത്, വൈദ്യുതി, ദേശീയപാതാ വിഭാഗം അധികൃതരെല്ലാം ഇത് കാണുന്നുണ്ട്. കാണേണ്ട വരെയെല്ലാം കാണേണ്ട സമയത്ത് കാണേണ്ടത് പോലെ കാണുന്നതിനാൽ ഇവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരാതി. അനധികൃതമായി സ്ഥലം കൈയേറി വിശാലമായ വ്യാപാര പന്തൽ കെട്ടിയ ചിലർ ദിവസം ആയിരം രൂപ വരെ മേൽ വാടക വാങ്ങി മറ്റ് ചിലർക്ക് കച്ചവടം നടത്താൻ നൽകിയിട്ടുമുണ്ടത്രെ.
രാഷ്ട്രീയ മാഫിയാ ബന്ധങ്ങളുള്ളതിനാൽ ഉദ്യോഗസ്ഥർക്കും ഒന്നും ചെയ്യാനാവുന്നില്ല. ഉദ്യോഗസ്ഥരെ പരസ്യമായി ഭീഷണിപ്പെടുത്താനും ഇവർക്ക് മടിയില്ലെന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസം, നാല് നാൾ പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തെങ്കിലും, തുടർ നടപടികളുണ്ടായില്ല. അന്യസംസ്ഥാന തൊഴിലാളികൾക്കാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ വിളമ്പുന്നതത്രെ.