കൂത്തുപറമ്പ്: വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണിയെ തുടർന്ന് സങ്കടം അനുഭവിക്കുകയാണ് ചെറുവാഞ്ചേരിയിലെ രണ്ട് കുടുംബങ്ങൾ. കണ്ണവം വനത്തോട് ചേർന്ന പൂവത്തൂരിൽ താമസിക്കുന്ന പരാരിപ്പറമ്പത്ത് വീട്ടിൽ കമലയുടെയും, ബന്ധുവായ ഗൗരിയുടെയും കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. വർഷങ്ങളായി വനം വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമി ഒരു മാസത്തിനകം ഒഴിയണമന്നാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചതോടെ എങ്ങോട്ട് പോകണമെന്നറിയാതെ വിലപിക്കുകയാണ് ഇവർ.
61 വർഷമായി കമലയുടെ കുടുംബം കണ്ണവം വനത്തോട് ചേർന്ന പ്രദേശത്ത് താമസം തുടങ്ങിയിട്ട്. 1941ൽ ആണ് കമലയുടെ അച്ഛൻ നരിക്കോടൻ കേളുനായർക്ക് കൃഷി ചെയ്യാനായി 4 ഏക്കർ വനഭൂമി പാട്ടവ്യവസ്ഥയിൽ അനുവദിച്ചത്. 1975 ൽ കേളു നായർ മരിച്ചതോടെ പാട്ട തുക മുടങ്ങി.1998 ൽ 22 വർഷത്തെ തുകയായ 2799 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പിന്നീട് 2004 വരെ തുക കൃത്യമായി അടച്ചു.
ഇതിന് ശേഷം വനം വകുപ്പ് ലീസ് തുക വാങ്ങിയിട്ടില്ല എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോൾ കേന്ദ്രത്തിൽ നിന്ന് ഓർഡർ വരണമെന്ന മറുപടിയാണ് വനം വകുപ്പിൽ നിന്നും ലഭിച്ചത്. പിന്നീട് വന്നതാകട്ടെ വീടും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ്. ഈ മാസം 14 നാണ് കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നോട്ടീസ് ലഭിക്കുന്നത്. കമലയ്ക്ക് ജോലി ഒന്നുമില്ല. ഭർത്താവ് പത്മനാഭന് അസുഖം വന്നതോടെ ഇപ്പോൾ വീട്ടിൽ തന്നെയാണ്. വീടിന് സമീപത്തുള്ള കൃഷിയിൽ നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
1941ൽ ആണ് ലീസിന് അനുവദിച്ചതെങ്കിലും വനംവകുപ്പിന്റെ നോട്ടീസിൽ 1976 ൽ അനുവദിച്ചു എന്നാണ് ഉള്ളതെന്നും ഇത് വനം വകുപ്പ് തെറ്റായി രേഖപ്പെടുത്തിയതാണെന്നുമാണ് കമല പറയുന്നത്. സമാന സ്ഥിതിയാണ് ഇവരുടെ ബന്ധുവായ കെ ഗൗരിയുടേതും. 1942 ൽ ഗൗരിയുടെ ഭർതൃപിതാവിന്റെ പിതാവ് കുഞ്ഞുകുട്ടിക്ക് നാലര ഏക്കർ ഭൂമിയാണ് കൃഷി ചെയ്യാനായി പാട്ടവ്യവസ്ഥയിൽ അനുവദിച്ചത്. ഇതിൽ 26 സെന്റ് സ്ഥലത്താണ് ഗൗരിയും കുടുംബവും 37 വർഷമായി താമസിക്കുന്നത്. മക്കളെല്ലാം വിവാഹിതരായതോടെ ഗൗരി ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് കമലയും, ഗൗരിയും.