പയ്യന്നുർ: അന്നൂർ - കാറമേൽ റോഡിന്റെ പ്രവൃത്തി പാതിവഴിയിൽ നിർത്തിയ കരാറുകാരന്റെ നടപടി അന്വേഷിക്കണമെന്നും, റോഡുപണി ആരംഭിക്കാനുള്ള നടപടി കൈകൊള്ളണമെന്നും അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പയ്യന്നൂർ
പി. ഡബ്‌ള്യു.ഡി ഓഫീസ് ഉപരോധിച്ചു. ഓഫീസിൽ കയറിയ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എ. രൂപേഷ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഗോകുൽ ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല സെക്രട്ടറി നവനീത് നാരായണൻ, ബ്ലോക്ക് പ്രസിഡന്റ് ആകാശ് ഭാസ്കർ, സി.കെ ഹർഷരാജ്, സനൂപ് കൃഷ്ണൻ, കെ. അശ്വിൻ, സി. ഷാഹിൻ, യു.എം. ഷഹനാദ്' എന്നിവർ നേതൃത്വം നൽകി. റോഡ് കിളച്ചിട്ടെങ്കിലും തുടർ പണി ആരംഭിക്കാത്തത് കാരണം പൊതുജനങ്ങൾ വളരെയധികം പ്രയാസങ്ങളാണ് അനുഭവിക്കുന്നത്. പൊടിശല്യം മൂലം മാസങ്ങളായി അന്നൂർ കള്ള് ഷാപ്പ് പരിസരത്തെ വീട്ടുകാർ ദുരിതമനുഭവിക്കുകയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.