
പയ്യന്നൂർ (കണ്ണൂർ): ഒരുഭാഗത്ത് ഏഴിമല നാവിക അക്കാഡമിയിലെ നോർത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ. മറുഭാഗത്ത് എങ്ങോട്ടു തിരിഞ്ഞാലും അന്യസംസ്ഥാന തൊഴിലാളികൾ. ഇവർക്കിടയിൽ ഹിന്ദിയറിയാതെ നട്ടംതിരിഞ്ഞ പയ്യന്നൂരിലെ പൊലീസ് ഒടുവിൽ തീരുമാനിച്ചു, രാഷ്ട്ര ഭാഷ പഠിച്ചിട്ടു തന്നെ കാര്യം. നല്ല കുട്ടികളായി അവർ ഹിന്ദി എഴുതാനും സംസാരിക്കാനും പഠിക്കുകയാണ്.
ഇന്നസെന്റും മുകേഷും അഭിനയിച്ച "ഗജകേസരിയോഗം" സിനിമയിൽ ആനയെ അനുസരിപ്പിക്കാൻ ഇന്നസെന്റ് ഹിന്ദി പഠിച്ച പോലെ പൊലീസും ഇപ്പോൾ പറയും, 'മേം കർത്താവായി വന്നാൽ...!"
മിക്കവാറും ദിവസങ്ങളിൽ നാവിക അക്കാഡമിയിൽ നിന്ന് പയ്യന്നൂർ പൊലീസിന് ഫോൺ വിളിയുണ്ടാകും. അവരോട് മുറി ഹിന്ദി വാക്കുകൾ പയറ്റിയാൽ പോരാ. പരാതിയുമായെത്തുന്ന അന്യസംസ്ഥാനക്കാരും പറയുന്നത് ഹിന്ദി. എന്താണ് പറയുന്നതെന്നോ, എന്തു തിരിച്ചുപറയണമെന്നോ അറിയാതെ വട്ടംചുറ്റിപ്പോകും. പ്രതികളെ പിടിച്ചാലും പൊല്ലാപ്പ്.
ചോദ്യം ചെയ്യാൻ പറ്റുന്നില്ല, അവർ പറയുന്നത് പിടികിട്ടുന്നുമില്ല. ഗത്യന്തരമില്ലാതായപ്പോഴാണ് ഹിന്ദി പഠിക്കാൻ പൊലീസുകാർ ഏക സ്വരത്തിൽ തീരുമാനിച്ചത്.
ഇനി അദ്ധ്യപകനെ കണ്ടെത്തണം. പയ്യന്നൂർ കോളേജിലേക്ക് ഒടുവിലൊരു ഫോൺ വിളി...സർ, പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഞങ്ങൾക്ക് ഹിന്ദി പഠിക്കണം.ആദ്യം അന്തംവിട്ടെങ്കിലും അദ്ധ്യാപകർ സമ്മതിച്ചു. സ്റ്റേഷനിലെ ജനമൈത്രി ഹാളാണ് ക്ളാസ് റൂം. പൊലീസ് കുട്ടികൾ 60. ആഴ്ചയിൽ രണ്ടു ദിവസം ക്ളാസ്. ഹാജർ നൂറു ശതമാനം.
`കൃത്യനിർവഹണത്തിനിടയിൽ ഭാഷ വലിയ വെല്ലുവിളിയായി. അതുപരിഹരിക്കാനുള്ള ശ്രമം കൂടിയാണിത്. ഹിന്ദി ചിലർക്ക് അറിയാമെങ്കിലും സംസാരിക്കാൻ ബുദ്ധിമുട്ടാണ്.
എം.സി.പ്രമോദ് ,
പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ
`ഏതൊക്കെ സാഹചര്യത്തിൽ എങ്ങനെയൊക്കെയുള്ള പ്രയോഗങ്ങളാണ് വേണ്ടതെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് പൊലീസുകാരെ ഹിന്ദി പഠിപ്പിക്കാൻ പ്രാപ്തരാക്കുന്നത്.
ഡോ. കെ. പ്രീതി
ഹിന്ദി വിഭാഗം മേധാവി,
പയ്യന്നൂർ കോളേജ്