കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി .മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ ദിവസമായ നാളെ ഉച്ചക്ക് 2.30 ന് ജില്ലയിൽ പ്രവേശിക്കുന്ന യാത്രയെ ജില്ലാ അതിർത്തിയായ ഒളവറ പാലത്ത് സ്വീകരിക്കും. ആദ്യ സ്വീകരണ കേന്ദ്രമായ പയ്യന്നൂർ ടൗൺ സ്‌ക്വയറിലേക്ക് ആനയിക്കും.

വൈകീട്ട് നാലിന് കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടിയിലും അഞ്ചിന് അഴീക്കോട് നിയോജക മണ്ഡലത്തിലെ വൻകുളത്ത്‌വയലിലെ സ്വീകരണത്തിന് ശേഷം ആറിന് കണ്ണൂർ സ്‌റ്റേഡിയം കോർണറിലെ സ്വീകരണത്തോടെ ഒന്നാം ദിവസത്തെ പരിപാടി സമാപിക്കും. രണ്ടിന് ധർമ്മടം നിയോജക മണ്ഡലത്തിലെ ചക്കരക്കല്ലിൽ ഒൻപതിന് ആദ്യ സ്വീകരണം നൽകുന്നതോടെ ആരംഭിക്കും.11 ന് തലശ്ശേരിയിലും 12 ന് പാനൂരിലും ഉച്ചക്ക് മൂന്നിന് മട്ടന്നൂരിലും നാലിന് ഇരിട്ടിയിലും അഞ്ചിന് ശ്രീകണ്ഠാപുരത്തെയും സ്വീകരണത്തിന് ശേഷം വൈകീട്ട് ആറിന് തളിപ്പറമ്പിലെ സ്വീകരണ പൊതുസമ്മേളനത്തോടെ യാത്രയുടെ ജില്ലയിലെ പരിപാടി പൂർത്തിയാകും.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജില്ലയിൽ നടപ്പിലാക്കേണ്ട കാർഷിക പദ്ധതികളെക്കുറിച്ച് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നതിന് ശ്രീകണ്ഠാപുരത്ത് വെച്ച് സംഘടിപ്പിച്ച കാർഷിക സെമിനാറിൽ നിന്ന് ലഭ്യമായ നിർദേശങ്ങൾ പ്രതിപക്ഷ നേതാവിന് കൈമാറും. ജില്ലയുടെ സമഗ്ര വികസനത്തിന് നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ദരുമായി രണ്ടിന് രാവിലെ 8.30 ന് കണ്ണൂർ മസ്‌ക്കോട്ട് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് ചർച്ച നടത്തും .ഐശ്വര്യ കേരള യാത്രയ്ക്ക് സ്വീകരണം നൽകുന്ന കേന്ദ്രങ്ങളിൽ തലേ ദിവസം വിളംബര ജാഥകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും പരിപാടി വിജയിപ്പിക്കുന്നതിന് 129 മണ്ഡലങ്ങളിലും സംഘാടക സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പി.ടി.മാത്യു പറഞ്ഞു.വാർത്താസമ്മേളനത്തിൽ നേതാക്കളായ അബ്ദുൾ കരീംചേലേരി ,അഡ്വ.കെ.എ.ഫിലിപ്പ് എന്നിവരും സംബന്ധിച്ചു.