chennithala-

കാസർകോട്: ഐശ്വര്യ കേരളയാത്രയുടെ വിജയത്തിന് അനുഗ്രഹം തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രത്തിലെത്തി. എറണാകുളത്ത് നിന്ന് രാജധാനി എക്സ്‌പ്രസിൽ മംഗളൂരുവിലെത്തിയ ചെന്നിത്തല അവിടെനിന്ന് കാറിൽ ഇന്നലെ രാവിലെ എട്ടിനാണ് ക്ഷേത്ര സന്നിധിയിലെത്തിയത്.

കുളിച്ചു തൊഴുത് സന്നിധിയിലെത്തിയ ചെന്നിത്തലയുടെ പേരിൽ ക്ഷേത്രത്തിൽ സങ്കല്പ പൂജ നടത്തി. മംഗളാരതിയും പ്രത്യേക വഴിപാടുകളുമുണ്ടായിരുന്നു. നരസിംഹ അഡിഗയുടെ കാർമ്മികത്വത്തിലായിരുന്നു പൂജകൾ. വൈകിട്ട് അഞ്ചിന് അദ്ദേഹം കാസർകോട്ടേക്ക് മടങ്ങി.

കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, സെക്രട്ടറി പ്രതീഷ്, സുരക്ഷാ ഉദ്യോഗസ്ഥൻ ഗിരീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ചെന്നിത്തല കാസർകോട്ടു നിന്ന് നയിക്കുന്ന ആറാമത്തെ യാത്രയാണ് ഇന്ന് കുമ്പളയിൽ നിന്ന് തുടങ്ങുന്നത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി ഉദ്‌ഘാടനം ചെയ്യും.