നീലേശ്വരം: കൊയാമ്പുറം കീരിതോടിന് കുറുകെ പാലം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. നീലേശ്വരം നഗരസഭയിലെ 20, 22 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കീരിതോടിന് ഇപ്പോൾ നടപ്പാലം ഉണ്ടെങ്കിലും, റോഡ് പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ തോടിൽ കൂടി ഉപ്പ് വെള്ളം കയറുന്നതിനാൽ കൊയാമ്പുറം ഭാഗങ്ങളിലെ കിണറുകളിലെ വെള്ളത്തിന് ഉപ്പ് രസം കലരുന്നതായും പറയുന്നു.

സമീപ പ്രദേശങ്ങളിലെ കൃഷിയെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കീരിതോടിന് നടപ്പാലം പണിയുന്നതോടൊപ്പം ഷട്ടർ കൂടി പണിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെ റോഡ് പാലം യാഥാർത്ഥ്യമായാൽ അച്ചാംതുരുത്തി - കോട്ടപ്പുറം പാലം വഴി മടക്കര പടന്ന ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. കൊയാമ്പുറം - കരുവാച്ചേരി ഭാഗങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ ഈ പാലം വഴിയാണ് കടന്നു പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് നടപ്പാലത്തിൽ നിന്ന് പിഞ്ച് കുഞ്ഞ് തോട്ടിൽ വീണ് മരിച്ച സംഭവമുണ്ടായിട്ടുണ്ട്. കീരിതോടിന് റോഡ് പാലവും ഷട്ടറും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർമാരായ കെ. മോഹനനും റഫീക്ക് കോട്ടപ്പുറവും എം. രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകുകയുണ്ടായി.