udf

കാസർകോട്:ഇന്ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നായകത്വത്തിൽ എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്ന ഐശ്വര്യ കേരള യാത്രയുടെ ആദ്യസ്വീകരണചടങ്ങ് ആഘോഷമാക്കാൻ യു.ഡി.എഫ് പ്രവർത്തകർ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്ന നിലയിൽ മുന്നണിയുടെ മുദ്രാവാക്യങ്ങളെ ജനങ്ങളിലെത്തിക്കുന്നതിന്റെ അവസരമായാണ് ഓരോ സ്വീകരണത്തെയും കാണുന്നത്.
കുമ്പളയിൽ ഉദ്ഘാടനത്തിന് ശേഷം കാസർകോട് നിയോജകമണ്ഡലത്തിൽപെട്ട ചെങ്കളയിൽ യാത്ര എത്തും. നാളെ രാവിലെ 10ന് പെരിയ, 11ന് കാഞ്ഞങ്ങാട്, 12ന് തൃക്കരിപ്പൂര്‍ എന്നിങ്ങനെയാണ് കാസർകോട് ജില്ലയിലെ സ്വീകരണങ്ങൾ. യാത്രയുടെ നായകൻ രമേശ് ചെന്നിത്തല ഇന്നലെ തന്നെ കാസർകോട് എത്തിയിരുന്നു.

സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22 ന് മഹാറാലിയോടെ തിരുവനന്തപുരത്ത് യാത്ര സമാപിക്കും. റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും.

അണിനിരന്ന് നേതൃനിര

എ .ഐ .സി. സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലീം ലീഗ് നേതാവ് പി .കെ. കുഞ്ഞാലിക്കുട്ടി എം .പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം .കെ. മുനീർ , യു .ഡി .എഫ് കൺവീനർ എം .എം. ഹസൻ, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി .ജെ. ജോസഫ്, ആർ. എസ്. പി. നേതാവ് എൻ. കെ. പ്രേമചന്ദ്രൻ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി. ഡി. സതീശൻ, സി .എം. പി നേതാവ് സി. പി. ജോൺ, ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ്, എന്നിവർ ഐശ്വര്യകേരളയാത്രയിലെ അംഗങ്ങളായിരിക്കും.