കാസർകോട്: അമ്മയെയും കുഞ്ഞിനെയും തേനീച്ചക്കൂട്ടം ആക്രമിക്കുന്നതിനിടെ പൊലീസുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11 മണിയോടെ കുമ്പള കഞ്ചിക്കട്ടയിലാണ് സംഭവം. മംഗളൂരു ഗുരുപുര കൈബയിലെ ബേബി(45), മകൻ തരുൺരാജ്(മൂന്ന്) എന്നിവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പള കഞ്ചിക്കട്ടയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വ്യാഴാഴ്ച എത്തിയതായിരുന്നു ബേബിയും മകനും.
തരുൺരാജിന് പനിബാധിച്ചതിനെ തുടർന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് റോഡിൽ വെച്ച് തേനീച്ചക്കൂട്ടം ആക്രമിച്ചത്. കാക്ക കൊത്തിയതിനെ തുടർന്നാണ് കൂട്ടിൽ നിന്ന് തേനീച്ചക്കൂട്ടം ഇളകിയത്. തേനീച്ചക്കൂട്ടം ബേബിയെയും മകനെയും വളഞ്ഞുവെച്ച് ആക്രമിക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്ന കുമ്പള പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരായ വിനീതും മോഹനനുമാണ് രക്ഷകരായത്. ഭയാശങ്കയില്ലാതെ വിനീത് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിടെ കുഞ്ഞിനെയുമെടുത്ത് ഓടുകയായിരുന്നു. അതിനിടെയാണ് മോഹനൻ ബേബിയെ രക്ഷപ്പെടുത്തിയത്. ഇതുവഴി വന്ന ഒരു ബൈക്കിൽ കുട്ടിയെ കയറ്റി വിനീത് ഉടൻ തന്നെ കുമ്പള സഹകരണ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിൽ കുട്ടിയെ പരിശോധിച്ചു. കുട്ടിക്ക് തേനീച്ചയുടെ കുത്തേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ഇതിന് പിന്നാലെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ബേബിയെ ഇതേ ആശുപത്രിയിലെത്തിച്ചത്.