പയ്യന്നൂർ: പൊലീസ് സ്റ്റേഷനിൽ എത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികളോട് പയ്യന്നൂരിലെ പൊലീസ് ഇനി മുറി ഹിന്ദിയിലും കൈമുദ്രകളിലൂടെയും ആശയവിനിമയം നടത്തില്ല .ആവശ്യത്തിന് ആശയവിനിമയം നടത്താനുള്ള ഹിന്ദി അവരുടെ പക്കലുണ്ടെന്നത് തന്നെ ഇതിന് കാരണം.
കമ്യൂണിക്കേറ്റഡ് ഹിന്ദി പഠനമാണ് സ്റ്റേഷനെ ഹിന്ദിസൗഹൃദമാക്കിത്തീർത്തത് . ഇതര സംസ്ഥാന തൊഴിലാളികളുടെ ബാഹുല്യവും ഏഴിമല നാവിക അക്കാഡമിയുമാണ് പയ്യന്നൂർ പൊലീസിനെ ഹിന്ദി പഠിക്കാൻ ഇടയാക്കിയത്..
പയ്യന്നൂർ കോളേജ് ഹിന്ദി വിഭാഗമാണ് ഇക്കാര്യത്തിൽ പൊലീസിനെ സഹായിച്ചത്. കമ്യൂണിക്കേറ്റീവ് ഹിന്ദി അടിസ്ഥാനമാക്കിയുള്ള ഹ്രസ്വകാല ട്രെയിനിംഗിനാണ് നൽകുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് നൽകും. കോഴ്സിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച സിലബസ് കോളേജ് ഹിന്ദി വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ക്ളാസിൽ ഉഴപ്പിക്കളയാൻ ഒരു പൊലീസുകാരനും കഴിയില്ല. രജിസ്റ്റർ ബുക്കും പരീക്ഷയും മുറയ്ക്ക് നടക്കും. മുങ്ങിക്കളയാമെന്ന് വിചാരിച്ചാൽ നടപ്പില്ലെന്ന് ചുരുക്കം.
പയ്യന്നൂർ കോളേജ് ഹിന്ദി വിഭാഗം വകുപ്പ് മേധാവി ഡോ: പ്രീതി, ഡോ: എ. സിന്ധു , ഡോ: എൻ.എം. ശ്രീകാന്ത്, ഡോ: വിഷ്ണു തങ്കപ്പൻ എന്നിവരാണ് ക്ളാസെടുക്കുന്നത്. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ: എ.സി. ശ്രീഹരിയുടെ അദ്ധ്യക്ഷതയിൽ ഇൻസ്പെക്ടർ എം.സി.പ്രമോദാണ് ക്ളാസുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഡോ : പ്രീതി, ഡോ: വിഷ്ണു തങ്കപ്പൻ, എസ്.ഐ.മാരായ പി.ബാബുമോൻ, ശരണ്യ , ഹരിദാസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.