ഇരിട്ടി : താണുകിടന്ന വൈദ്യുത ലൈനിൽ തട്ടി വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. ലോറി ഡ്രൈവറുടെയും, നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ പ്രവർത്തനത്തെ തുടർന്ന് ലോറി കത്തിനശിച്ചില്ല. കത്തിയ വൈക്കോലിൽ നിന്നും പടർന്ന പുകയിൽ പെട്ട് ചില അഗ്നിരക്ഷാ ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഒരു ചുമട്ടു തൊഴിലാളിക്ക് കൈയിൽ പൊള്ളലേൽക്കുകയും ചെയ്തു.
പായം വട്ട്യറയിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. കർണ്ണാടകത്തിലെ കൊള്ളഗലിൽ നിന്നും മാനന്തവാടി, ഇരിട്ടി വഴി ശ്രീകണ്ഠപുരത്തേക്ക് പോവുകയായിരുന്ന വൈക്കോൽ ലോറിക്കാണ് തീപിടിച്ചത്. വട്ട്യറ കൂവമുക്കിൽ താണുകിടക്കുന്ന വൈദ്യുതി കമ്പിയിൽ തട്ടി വൈക്കോലിലേക്ക് തീപ്പടർന്ന ഉടനെ വീടുകളും കടകളുമുള്ള ഇവിടെ നിന്നും ഡ്രൈവർ സമീപമുള്ള വയലിന് കുറുകെയുള്ള റോഡിലേക്ക് ലോറി മാറ്റി അപകടസാധ്യത ഒഴിവാക്കി.