child

കാസർകോട്: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്രമായ പരിപാടികളാണ് ജില്ലയിൽ നടന്നു വരുന്നത്. വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെയും അങ്കണവാടികളിലുടെയുമൊക്കെയായി സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും നിരവധി സേവനങ്ങളും സഹായങ്ങളും ഉറപ്പാക്കിയാണ് വകുപ്പിന്റെ പ്രവർത്തനം.

. ഐ.സി.ഡി.എസിന്റെ 12 പ്രൊജക്ടുകളിലായി ജില്ലയിൽ ആകെ 1348 അങ്കണവാടികളാണുള്ളത്. ആറ് മാസം മുതൽ മൂന്ന് വയസ്സ് വരെ പ്രയമായ 25231 കുട്ടികളും മൂന്ന് വയസ്സ് മുതൽ ആറ് വയസ്സുവരെ പ്രായമായ 26971 കുട്ടികളും ഗർഭിണികളായ 6858 സ്ത്രീകളും 7439 പാലൂട്ടുന്ന അമ്മമാരും 340 കൗമാരക്കാരായ പെൺകുട്ടികളും പദ്ധതിയുടെ ആനുകൂല്യം അനുഭവിക്കുന്നുണ്ട്. മുഴുവൻ പേർക്കും കുഞ്ഞുങ്ങൾക്കും അങ്കണവാടികളിലൂടെ പോഷകാഹാരം വിതരണം ചെയ്യുന്നു. ജില്ലയിലെ 1348ൽ 1233 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടമുണ്ട്. ഒമ്പത് അങ്കണവാടികളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിൽ 1340 അങ്കണവാടികൾക്കും സ്വന്തമായി സ്ഥലം കണ്ടെത്തി കഴിഞ്ഞു. എട്ട് അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്.

വനിതകൾക്ക് നേരെയുള്ള ഗാർഹിക പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, തൊഴിലിടങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുമുള്ള പീഡനങ്ങൾ എന്നിവ അറിയിക്കാനും നിയമപരമായ സൗജന്യ സേവനങ്ങൾ ലഭ്യമാക്കാനുമാണ് വനിതാ സംരക്ഷണ കാര്യാലയം പ്രവർത്തിക്കുന്നത്. വനിതാ സംരക്ഷണ ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥൻ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്നിവർക്ക് ടെലിഫോൺ വഴിയോ രേഖാമൂലമോ പരാതി നൽകാം. ഭർത്താവ് മരിച്ച സ്ത്രീയുടെ മക്കൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കാനായി പടവുകൾ എന്ന പേരിൽ സ്‌കോൾഷിപ്പ് നൽകുന്നു..


പുനർ വിവാഹത്തിന് 'മംഗല്യ'

നിയമപരമായി വിവാഹമോചനം നേടിയതോ വിധവകളാവുകയതോ ആയ 18 മുതൽ 50 വരെ പ്രായമുള്ള വനിതകൾക്ക് മംഗല്യ എന്ന പേരിൽ പുനർ വിവാഹത്തിന് 25000 രൂപ ധന സഹായം നൽകുന്നു. 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് അഭയ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു. ആസിഡ് ആക്രമണങ്ങളിലോ ലൈംഗികാതിക്രമങ്ങൾക്കോ ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായി നൽകുന്ന ആശ്വാസ നിധിയിലൂടെ 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകുന്നുണ്ട്.