കണ്ണൂർ.ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസിന്റെ ഗാർഹിക കണക്ഷനുകൾ ഏപ്രിൽ അവസാനത്തോടെ കണ്ണൂർ ജില്ലയിൽ സജ്ജമാകും. പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി ആദ്യ വാരത്തോടെ കൂടാളി, അഞ്ചരക്കണ്ടി, മുണ്ടേരി പഞ്ചായത്തുകളിൽ വീടുകളിലേക്ക് പൈപ്പ് ഇടുന്ന പ്രവൃത്തി തുടങ്ങും.
വീടുകളിലേക്ക് ഇടുന്ന പൈപ്പുകളുടെ വെൽഡിംഗ് പുരോഗമിക്കുകയാണ്. ഈ മൂന്ന് പഞ്ചായത്തുകളിലായി 500 ഓളം വീടുകൾക്കാണ് ആദ്യ ഘട്ടം കണക്ഷൻ ലഭിക്കുന്നത്. ജില്ലയിലെ വിതരണകേന്ദ്രമായ കൂടാളിയിൽ ഗ്യാസ് സ്‌റ്റേഷന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. സിറ്റി ഗ്യാസ് സ്‌റ്റേഷൻ പരിധിയിലുള്ള വീടുകളിലാണ് ആദ്യം പാചക വാതകം (പി.എൻ.ജി പൈപ്ഡ് നാച്ചുറൽ ഗ്യാസ്) എത്തുന്നത്. അനുമതി ലഭിച്ചുകഴിഞ്ഞ കൂടാളി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളിൽ പൈപ്പിടുന്നതിനുള്ള ടെൻഡർ പൂർത്തിയായി. ഇതിന് പുറമെ കോർപ്പറേഷൻ പ്രദേശങ്ങളിലും ആദ്യ ഘട്ടത്തിൽത്തന്നെ പാചകവാതകം ലഭ്യമാക്കും. തലശ്ശേരി മുതൽ മാഹി വരെയുള്ള പ്രദേശങ്ങളിൽ രണ്ടാം ഘട്ടത്തിൽ കണക്ഷൻ ലഭിക്കും.സുരക്ഷിതമായ പോളി എത്തിലീൻ പൈപ്പ് വഴിയാണ് വീടുകളിൽ ഗ്യാസ് എത്തിക്കുക.
ലാഭം, സുരക്ഷിതം
വീടുകളിൽ കണക്ഷൻ എടുക്കുന്നതിനായി നിശ്ചിത ഡെപ്പോസിറ്റ് തുക അടക്കണം. തുടർപരിപാലനം കമ്പനി പൂർണമായും ഏറ്റെടുക്കും. സബ്സിഡി ഇല്ലാത്ത ഗ്യാസിനെക്കാൾ 20 ശതമാനത്തോളം വിലക്കുറവിൽ ഗ്യാസ് ലഭിക്കും. ഉപയോഗത്തിന് അനുസരിച്ചാണ് പ്രതിമാസം പണം അടക്കേണ്ടത്.
നേട്ടങ്ങൾ നിരവധി
ഏത് സമയത്തും ലഭിക്കും
ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട.
പാചകത്തിനിടെ ഗ്യാസ് തീർന്നുപോകില്ല
സുരക്ഷിതത്വം കൂടുതൽ
ചോർന്നാൽ ഉയർന്നുപോകുമെന്നതിനാൽ അപകടം കുറവ്
ഇരുപത് ശതമാനം വിലകുറവ്
പിറകെ സി.എൻ.ജി സ്റ്റേഷനുകളും
വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായി . സെൻട്രൽ ജയിൽ, മട്ടന്നൂർ, വാരം എന്നിവിടങ്ങളിൽ സി .എൻ .ജി സ്‌റ്റേഷനുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. കോർപറേഷൻ പ്രദേശങ്ങളിലെ വീടുകളിൽ ഗ്യാസ് എത്തിക്കുന്നതിനായി ചാലോട് നിന്നും മേലെ ചൊവ്വ വരെ എട്ട് ഇഞ്ച് വ്യാസത്തിലുള്ള സ്റ്റീൽ മെയിൻ ലൈൻ പൈപ്പ് ഇട്ടുതുടങ്ങി.പൈപ്പ്‌ലൈൻ കടന്നു പോവുന്ന ഇടത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചക വാതകവും പൈപ്പ്‌ലൈൻ വഴി ലഭ്യമാക്കും. ഡെപ്പോസിറ്റ് തുകയിലും നൽകുന്ന സ്‌കീമിലും അൽപം വ്യത്യാസം ഉണ്ടാവും.
ഗെയിൽ കണ്ണൂരിൽ
84 കിലോ മീറ്റർ പൈപ്പ് ലൈൻ
340 കോടി ചിലവ്
18 പഞ്ചായത്ത്
മൂന്ന് നഗരസഭ