police
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇരിട്ടി പട്ടണത്തിലെ തെരുവ് കച്ചവടക്കാരുടെ വിലാസം പൊലീസ് ശേഖരിക്കുന്നു

ഇരിട്ടി : കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയുടെ മലയോരമേഖലയിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇരിട്ടി അടക്കമുള്ള നഗരങ്ങളിൽ പൊലീസ് പരിശോധന കടുപ്പിച്ചത്.

ഇരിട്ടി പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും സ്ഥാപന ഉടമകൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനും സാനിറ്റൈസർ വെക്കുന്നതിനും മാസ്‌ക് ധാരണത്തിനുമടക്കമുള്ള നിർദ്ദേശം നൽകി.

ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. കൂടാതെ നഗരത്തിലെ മുഴുവൻ തെരുവുകച്ചടവടക്കാർക്കും ഇതേ നിർദ്ദേശം നൽകുകയും ഇവരുടെ മുഴുവൻ വിലാസവും ഫോൺ നമ്പറും ശേഖരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ടൗണിൽ കർശന പരിശോധന ഉണ്ടാകുമെന്നും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു