കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കാഞ്ഞങ്ങാട്ട് വാഹനപാർക്കിംഗിന്റെ അഭാവം കച്ചവടത്തെയും ബാധിക്കുന്നുവെന്ന് വ്യാപാരികൾ. കൊവിഡ് ഇളവിന് പിന്നാലെ നഗരം സജീവമായെങ്കിലും പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ ഗതാഗതകുരുക്കും തോന്നിയിടത്ത് വാഹനങ്ങൾ നിർത്തിയിട്ടുപോകുന്ന പ്രവണതയും കൂടിവരികയാണ്.
ഷോപ്പിംഗിന് എത്തുന്നവർക്ക് വാഹനം നിർത്തിയിടാനുള്ള സൗകര്യം ചുരുക്കം കെട്ടിടങ്ങളിൽ മാത്രമാണുള്ളത്. ചിലയിടങ്ങളിൽ ഫുട്പാത്തിൽ വരെ വാഹനങ്ങൾ കയറ്റിയിടുകയാണ്. കാൽനടയാത്രികരെ ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്.
നേരത്തെ സീസണുകളിൽ നഗരസഭ താൽക്കാലിക പാർക്കിംഗ് ഒരുക്കാറുണ്ട്. ഇത്തരം സ്ഥലങ്ങളെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇവ തുറന്നു കൊടുക്കാൻ സാധിച്ചാൽ തന്നെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ഇപ്പോൾ നഗരത്തിൽ എത്തുന്ന വാഹനങ്ങൾ എവിടെയെങ്കിലും ഒരു ഗ്യാപ്പ് കണ്ടാൽ കയറ്റിവെച്ച് പോകുന്ന അവസ്ഥയാണുള്ളത്.
കാഞ്ഞങ്ങാട്ടെ വിപണിയിൽ വ്യാപാരം പകുതിയിലധികം കുറഞ്ഞു. ടൗണിൽ എത്തുന്നവർ വാഹനം റോഡിൽ നിർത്തി പോകേണ്ട സ്ഥിതിയാണ്. ഇവർ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ പിഴ നൽകേണ്ടിയും വരുന്നു. നഗരം വികസിക്കുന്നതിന്റെ അവശ്യകതയെ കുറിച്ച് ആരും ശബ്ദിക്കുന്നില്ല. പുതിയ നഗരസഭ ഭരണ സമിതിയുമായി കൂടിക്കാഴ്ച നടന്നിട്ടുമില്ല. -യൂസഫ് ഹാജി (കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരി)
ഗതാഗത കുരുക്കഴിക്കാൻ നടപടി
കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്കഴിക്കാൻ നടപടി ഉണ്ടാകുമെന്ന് ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു. പേ സമ്പ്രദായം ആലോചിക്കുന്നുണ്ട്. ടാങ്കർ പോലെ വലിയ വാഹനങ്ങൾ കെ.എസ്.ടി.പി റോഡിലൂടെ സഞ്ചരിക്കുന്നതാണ് പകൽ സമയത്തെ ഗതാഗതകുരുക്കിനു കാരണം. ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. കോട്ടച്ചേരിയിൽ റോഡിനു പടിഞ്ഞാറ് ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിയുന്നതിലേക്കായി കച്ചവടക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.