പുല്ലൂർ: അഡ്വ. പി. കൃഷ്ണൻ നായർ നാടിന് മറക്കാൻ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പുല്ലൂർ വണ്ണാർ വയലിൽ നിർമ്മിക്കുന്ന അഡ്വ. പി. കൃഷ്ണൻ നായർ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണൻ നായർ മരിച്ച് 56 വർഷങ്ങൾക്ക് ശേഷമാണ് ജന്മനാട്ടിൽ സ്മാരക മന്ദിരം നിർമ്മിക്കുന്നത്. നിലവിലുള്ള സ്മൃതി മണ്ഡപത്തോട് ചേർന്ന് നിർമ്മിക്കുന്ന കെട്ടിടത്തിൽ ലൈബ്രറി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ചടങ്ങിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. സ്മാരക മന്ദിരത്തിൽ തുടങ്ങുന്ന ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദൻ, പഞ്ചായത്ത് അംഗങ്ങളായ എം.വി. നാരായണൻ, എ. ഷീബ, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ. വേലായുധൻ, വി. നാരായണൻ, പി. പരമേശ്വരൻ, അഡ്വ. പി. നാരായണൻ, കെ. കുഞ്ഞിക്കണ്ണൻ, സ്മാരക സമിതി പ്രസിഡന്റ് പി. പത്മനാഭൻ, സെക്രട്ടറി അനിൽ പുളിക്കാൽ, പെരിയ കുഞ്ഞമ്പു നായർ സംസാരിച്ചു.