helmet

കാഞ്ഞങ്ങാട്: മനുഷ്യ മസ്തിഷ്‌കത്തിലെ തരംഗങ്ങളെ വിശകലനം ചെയ്ത് അപസ്മാരം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഹെൽമെറ്റ് രൂപകൽപന ചെയ്ത കേരള കേന്ദ്ര സർവകലാശാല അദ്ധ്യാപകർക്കും ഗവേഷക വിദ്യാർത്ഥിക്കും പേറ്റന്റ്. കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ആർ. രാജേഷ്, അദ്ദേഹത്തിനു കീഴിൽ ഗവേഷണം നടത്തുന്ന ഒ.കെ. ഫാസിൽ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എം.തസ്ലിമ എന്നിവരടങ്ങുന്ന സംഘമാണ് മൂന്നു വർഷത്തെ പരിശ്രമത്തിനൊടുവിൽ ഇത്തരമൊരു സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതിൽ വിജയിച്ചത്.

2016 ലാണ് അപസ്മാര സമയത്ത് ഉണ്ടാകുന്ന മസ്തിഷ്‌ക തരംഗങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിലൂടെ അപഗ്രഥിക്കുന്നതിനുള്ള ഗവേഷണം ആരംഭിച്ചത്. സങ്കീർണമായ മസ്തിഷ്‌ക തരംഗങ്ങളെ മനുഷ്യനേത്രം കൊണ്ട് വിശകലനം ചെയ്യാനുള്ള ബുദ്ധിമുട്ടും കാലതാമസവുമാണ് ഇത്തരമൊരു ഗവേഷണത്തിലേക്ക് നയിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അപസ്മാരത്തെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ അപസ്മാരത്തെ കണ്ടെത്തി രോഗികൾക്ക് സഹായകമാകുന്ന ഒരു സംവിധാനം വികസിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.

അൽഗോരിതത്തിലെ ചെറിയ മാറ്റത്തിലൂടെ ഡ്രൈവറുടെ ഉറക്കത്തെ മുൻകൂട്ടി കണ്ടെത്തി സൂചന തരാനും സാധിക്കുമെന്ന് ഗവേഷകസംഘം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
കുറെയധികം സാങ്കേതികവിദ്യകളുടെ ഒരുകൂട്ടം തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്നത്. കൃത്രിമബുദ്ധി എന്നുപറയാം. കംപ്യൂട്ടർ സയൻസിന്റെ ഒരു നൂതന ശാസ്ത്ര ശാഖയാണിത്. നമ്മൾ മനുഷ്യഗണത്തിൽ ഉള്ളവർ ആശയവിനിമയം നടത്താൻ ഭാഷയുടെ സഹായം തേടുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പീക്ക് റെക്കഗ്നിഷൻ എന്ന ടെക്‌നോളജി ഉപയോഗിക്കുന്നു. വ്യത്യസ്തമായ പാറ്റേണുകൾ കണ്ടാൽ മനുഷ്യനു തിരിച്ചറിയാൻ സാധിക്കും, എന്നാൽ വളരെ ബുദ്ധിമുട്ടുള്ള പാറ്റേണുകൾ തിരിച്ചറിയാൻ മനുഷ്യകുലത്തിന് കഴിയില്ല, കഴിഞ്ഞാൽ തന്നെ അതിന്റെ സമയദൈർഘ്യം വളരെ വലുതായിരിക്കും.