ആലക്കോട്: വീതിക്കുറവും പഴക്കവും മൂലം ഗതാഗതത്തിന് പ്രയാസം നേരിടുന്ന ആലക്കോട് പഴയപാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുന്നതിന് തുടക്കമാകുന്നു. പുതിയപാലം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 4.30 ന് മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും. ചടങ്ങിൽ ഇരിക്കൂർ എം.എൽ.എ കെ.സി ജോസഫ് അദ്ധ്യക്ഷത വഹിക്കും.
1957 ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിർമ്മിച്ച ആലക്കോട് പാലം കാലപ്പഴക്കം മൂലം തകർച്ചാഭീഷണിയിലാണുള്ളത്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ കൂപ്പുലോറികൾക്കും മറ്റും കടന്നുപോകുന്നതിനുവേണ്ടി നിർമ്മിച്ച മൂന്നു പാലങ്ങളിൽ ഏറ്റവും വീതി കുറഞ്ഞതാണ് ആലക്കോട് പാലം. മറ്റു രണ്ട് പാലങ്ങളിൽ കരുവൻചാലിലും പുതിയ പാലം നിർമ്മിക്കുന്നതിന് നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.

തടസം നീങ്ങി, ഇനി കുതിപ്പ്
മലയോര ഹൈവേയുടെ ഭാഗമായിട്ടുള്ള ആലക്കോട്, കരുവൻചാൽ റൂട്ടിൽ ഈ പാലങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മലയോരമേഖലയുടെ വികസനത്തിന് കുതിപ്പേകും. പുതിയ പാലം നിർമ്മാണത്തിനും അപ്രോച്ച് റോഡ് നിർമ്മാണത്തിനും പുഴയുടെ ഇരുവശങ്ങളിലുമുള്ള സ്ഥലം ഉടമകളുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി കോൺവെന്റ് സ്‌കൂളിന്റെ സ്ഥലം വിട്ടുകിട്ടുന്നതിന് ചർച്ചയിലൂടെ പരിഹാരമായി. തർക്കം നിലനിൽക്കുന്നതിനിടെ ഒരുവിഭാഗം ആളുകൾ സംഘടിച്ചെത്തി ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതിൽ പൊളിച്ചതിനെ തുടർന്നുണ്ടായ പ്രശ്നം പിന്നീട് പരിഹരിച്ചു.