കണ്ണൂർ: ദീർഘദൂര ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണം കിട്ടാതെ ഇനി വലയേണ്ടി വരില്ല. ഇവർക്ക് ഇന്നു മുതൽ ഓൺലൈൻ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐ.ആർ.സി.ടി.സിയുടെ ഇ കാറ്ററിംഗ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക.
'ഫുഡ് ഓൺ ട്രാക്ക്' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഭക്ഷണത്തിന്റെ ഓർഡറുകൾ സ്വീകരിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പി.എൻ.ആർ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നൽകിയാൽ ഭക്ഷണം സീറ്റിലെത്തും.
കൊവിഡ് വ്യാപനത്തെ തുടർന്നാണ് നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനരാരംഭിച്ചെങ്കിലും ഭക്ഷണം വിതരണം തുടങ്ങിയിരിന്നില്ല. എന്നാൽ ഇപ്പോൾ പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ തീവണ്ടികളിൽ ഭക്ഷണ വിതരണം നടത്തിവന്നിരുന്നു.
ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും
ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ തുടങ്ങി എല്ലാ വിഭവങ്ങളും ഇതിൽ ലഭ്യമാണ്. ഏതു സ്റ്റേഷനിൽ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാൽ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടർന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദർശിപ്പിച്ചിരിക്കും. വില ഓൺലൈനായോ പണമായോ നൽകാം. ഐ.ആർ.സി.ടി.സി വീണ്ടും ഭക്ഷണ വിതരണം തുടങ്ങുന്നതോടെ യാത്രക്കാർക്ക് അത് വലിയ ആശ്വാസമാകും.