കണ്ണൂർ: മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിന് ജില്ലയിലെ ജലാശയങ്ങളിൽ 57,733 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം അണിഞ്ഞു. 2020-21 വർഷത്തിൽ 8.407 കി.മീ പുഴ പുനരുദ്ധാരണ പ്രവൃത്തിയാണ് കയർ വികസന വകുപ്പ് ഏറ്റെടുത്തത്.
എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും മറ്റു തടസങ്ങളുമായി പദ്ധതി അല്പം വൈകി. കണ്ണൂർ, തളിപ്പറമ്പ്, കല്യാശേരി, പയ്യന്നൂർ, തലശേരി എന്നീ അഞ്ചു ബ്ലോക്കിലാണ് പദ്ധതി കാര്യമായി നടപ്പാക്കിയത്. മറ്റു ബ്ലോക്കുകളിലെ സാദ്ധ്യതാ പ്രദേശങ്ങളിൽ മാത്രമാണ് കയർ ഭൂവസ്ത്രം അണിയിക്കുന്നത്. മലയോര മേഖലകളിലെ ജലാശയങ്ങളിൽ പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് 125 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. അഞ്ചുകോടി രൂപയുടെ പദ്ധതി ജില്ലയിൽ അടുത്ത വർഷം നടപ്പാക്കും. പെരുമ്പ, കാഞ്ഞിരപ്പുഴ എന്നീ പുഴകൾ കേന്ദ്രീകരിച്ച് 6.80 ലക്ഷം ചതുരശ്ര മീറ്റർ ജലാശയങ്ങൾ കയർ ഭൂവസ്ത്രം അണിയിക്കാനാണ് പദ്ധതി. പെരുമ്പ പുഴ കേന്ദ്രീകരിച്ചുള്ള പ്രവൃത്തി ഇതിനകം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് ജലാശയങ്ങളിൽ കയർ ഭൂവസ്ത്രമണിയിക്കുന്നത്.
കയർ ഭൂവസ്ത്രം
മണ്ണിന്റെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വേണ്ടി പ്രകൃതിദത്ത നാരുകൊണ്ട് നെയ്‌തോ വലക്കെട്ട് കെട്ടിയോ ഉണ്ടാക്കുന്ന സാമഗ്രിയാണ് കയർ വസ്ത്രം. കേരളത്തിലെ മണ്ണിനെയും ജലത്തെയും ഒരു പരിധി വരെ തടഞ്ഞു നിർത്തി സംരക്ഷിക്കുന്നതിനു ചകിരി നാര് കൊണ്ട് നെയ്യുന്ന ഭൂവസ്ത്രങ്ങൾക്ക് കഴിയും. വേണ്ട രീതിയിൽ സംസ്‌കരിച്ച ഭൂവസ്ത്രത്തിന്റെ ഉപയോഗം മണ്ണിന്റെ ഫലഭൂയിഷ്ടതയും വളക്കൂറും വർധിപ്പിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
സവിശേഷതകൾ
ഒഴുക്കിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുന്നു
ഭാരത്തിന്റെ അഞ്ചിരട്ടി വെള്ളം വലിച്ചെടുക്കുന്നു
മണ്ണിലെ ഈർപ്പം നിലനിർത്തി അന്തരീക്ഷതാപം കുറക്കുന്നു
മണ്ണിൽ ജൈവാംശം നൽകി ദ്രവിച്ചു തീരുന്നു