കണ്ണൂർ: സംസ്ഥാനത്ത് റജിസ്ട്രേഷൻ വകുപ്പിൽ സമ്പൂർണ ഇ സ്റ്റാമ്പിംഗ് സംവിധാനം ഇന്ന് നിലവിൽ വരുമ്പോൾ സ്റ്റാമ്പ് വെണ്ടർമാരുടെ ആശങ്ക പരിഹരിക്കാൻ നടപടിയായില്ല. പരീക്ഷണാർഥം തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇന്നു മുതൽ ഇ സ്റ്റാമ്പിംഗ് നടപ്പാവുക. സമ്പൂർണ ഇ സ്റ്റാമ്പിംഗിനെ കുറിച്ച് സർക്കാർ ഉത്തരവു വന്നെങ്കിലും അതിനെ കുറിച്ച് സ്റ്റാമ്പ് വെണ്ടർമാർക്ക് കാര്യമായ വിവരങ്ങൾ ഒന്നുമില്ല.
സാങ്കേതികമായി സ്റ്റാമ്പ് വെണ്ടർമാർ ഇ-സ്റ്റാമ്പിംഗിന് ഒരുങ്ങിയിട്ടുമില്ല. പലരുടെ കൈയിലും നേരത്തെ ശേഖരിച്ച മുദ്രപത്രങ്ങളും ഉണ്ട്. അതേസമയം വരുംദിവസങ്ങളിൽ മറ്റു ജില്ലകളിലുള്ള സ്റ്റാമ്പ് വെണ്ടർമാർക്ക് പരിശീലനം നൽകുന്നുണ്ട്. എവിടെ നിന്നും മുദ്രപത്രങ്ങൾ പണമടച്ച് പ്രിന്റ് എടുക്കാം. വെണ്ടർമാർക്ക് പണം നൽകിയാൽ അവർ സാധാരണ മുദ്രപത്രത്തിന് പകരം ഇമുദ്ര പ്രിന്റ് ചെയ്ത് തരുന്നതാണ് പതിവ്. മറ്റു സംസ്ഥാനങ്ങളിൽ ബാങ്കുകൾ മുഖേന ഇ സ്റ്റാമ്പ് നൽകുന്നുണ്ട്. ഇതു സംബന്ധിച്ചുള്ള സാങ്കേതിക വിവരങ്ങളും നിർദ്ദേശങ്ങളും ട്രഷറി ഉദ്യോഗസ്ഥർ സ്റ്റാമ്പ് വെണ്ടർമാർക്ക് നൽകും.
പണമടച്ചാൽ മുദ്രപത്രം
ഇസ്റ്റാമ്പിംഗ് നടപ്പാകുമ്പോൾ ആവശ്യക്കാർക്ക് എവിടെ നിന്നും മുദ്രപത്രങ്ങൾ പണമടച്ച് പ്രിന്റ് ചെയ്തെടുക്കാം. ഏത് റജിസ്ട്രോഫീസിന് കീഴിലുള്ള സ്റ്റാമ്പ് വെണ്ടർമാർ മുഖാന്തിരം വേണമെന്ന് വാങ്ങുന്നവർക്ക് തീരുമാനിക്കാം. അതിനുള്ള ഓപ്ഷൻ സൈറ്റിലുണ്ട്. സാധാരണ നാസിക്കിലും. ഹൈദരാബാദിലും ഉള്ള സെക്യൂരിറ്റി പ്രസ്സിൽ മുദ്രണം ചെയ്യുന്ന മുദ്രപത്രങ്ങൾ ലൈസൻസ്ഡ് വെണ്ടർമാർ വഴിയാണ് ഇടപാടുകാർക്ക് വിതരണം ചെയ്യുന്നത്. രാജ്യത്ത് പല സ്ഥലത്തും വ്യാജ കറൻസി പോലെ വ്യാജ മുദ്രപത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്താകമാനം ഇസ്റ്റാമ്പ് സംവിധാനം കൊണ്ടുവന്നത്.