ommen-chandy

കാസർകോട്: അഴിമതിയും ധൂർത്തും നടത്തി നാടിനെ കടത്തിൽ മുക്കിക്കൊല്ലുന്ന ഇടതു സർക്കാരിനുള്ള താക്കീതാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയെന്നും, ഈ യാത്ര തിരുവനന്തപുരത്തെത്തുന്നതോടെ വലിയ കൊടുങ്കാറ്റായി മാറുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പറഞ്ഞു.യാത്രയുടെ ഉദ്ഘാടനം കാസർകോട് കുമ്പളയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയും അനീതിയും അക്കമിട്ട് നിരത്തിയും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയും പ്രതിപക്ഷ നേതാവ് നിയമസഭയ്ക്കകത്തും പുറത്തും ഉന്നയിച്ച കാര്യങ്ങളിൽ ജനകീയാംഗീകാരം നേടി വിജയിയെപ്പോലെയാണ് യാത്ര നടത്തുന്നത്. അതിനെ തടയാനും അവഗണിക്കാനും പിണറായി സർക്കാരിനാവില്ല. കേരളത്തിന്റെ അഞ്ചു വർഷം പാഴായി. നാടിനോ ജനങ്ങൾക്കോ ഒരു പ്രയോജനവുമില്ലാത്ത ഭരണമായിരുന്നു ഇടതുമുന്നണിയുടേത്. എന്തു വികസനമാണ് ഇവിടെ നടന്നത്. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, 14 ജില്ലകളിലും മെഡിക്കൽ കോളജുകൾ തുടങ്ങി യു.ഡി.എഫ് ആരംഭിച്ച വൻകിട പദ്ധതികൾ ഏറ്റെടുക്കുക മാത്രമാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്.

യു.ഡി.എഫ് സർക്കാർ കാസർകോട്ട് ആരംഭിച്ച മെഡിക്കൽ കോളേജിന്റെ അവസ്ഥ എന്തായെന്ന് അഞ്ചു കൊല്ലം കാത്തിരുന്ന നമ്മളറിഞ്ഞു.തിരഞ്ഞെടുത്ത ജനങ്ങളോട് നീതി പുലർത്താതെ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയമാണ് സി.പി.എം നടപ്പിലാക്കുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാർ പിൻവാതിൽ നിയമനങ്ങളിൽ കടുത്ത പ്രതിഷേധത്തിലാണ്. റാങ്കു ലിസ്റ്റുകളെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റിയതിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തിരഞ്ഞെടുപ്പിൽ മറുപടി നൽകും- ഉമ്മൻ ചാണ്ടി പറഞ്ഞു.