കാസർകോട്: അണക്കെട്ടിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഇച്ചിലങ്കോട് ബംബ്രാണ അണക്കെട്ടിൽ കുളിക്കുന്നതിനിടയിലാണ് കുട്ടികൾ മുങ്ങി മരിച്ചത്. ബംബ്രാണ ഇച്ചിലങ്കോട്ടെ ശരീഫ് -ഷംസാദ ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (എട്ട്) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 5.45 മണിയോടെയാണ് സംഭവം. ബന്ധുവായ സ്ത്രീ ആഴംകുറഞ്ഞ ഭാഗത്തേക്ക് വസ്ത്രം അലക്കാൻ പോകുമ്പോൾ കൂടെ പോയ കുട്ടികൾ അണക്കെട്ടിൽ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടികളും നാട്ടുകാരെയും വീട്ടുകാരെയും വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയവർ ഉടൻ തന്നെ തിരച്ചിൽ നടത്തി. കുട്ടികളുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇളയ കുട്ടി ഷദാദിനെയാണ് ആദ്യം പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അല്പം കഴിഞ്ഞു ഷാഹ്സിന്റെയും മൃതദേഹം കണ്ടുകിട്ടി. വിവരമറിഞ്ഞ് കുമ്പള എസ് .ഐ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു. വിവരം അറിഞ്ഞു ഉപ്പളയിൽ നിന്നും ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും മൃതദേഹങ്ങൾ പുറത്തെടുത്തിരുന്നു.