കോഴിക്കോട്: ഗ്യാസ് ബങ്കുകളുണ്ടായിട്ടും ഇന്ധനലഭ്യത കുറഞ്ഞതോടെ ഓട്ടം മുടങ്ങി ഓട്ടോറിക്ഷകൾ. ജില്ലയിലെ ആയിരത്തോളം എൽ.പി.ജി ഓട്ടോ ഡ്രൈവർമാർ ഇതുമൂലം പ്രതിസന്ധിയിലായി. ഇന്ധനക്ഷമതയും പെട്രോൾ, ഡീസൽ വിലയേക്കാൾ താരതമ്യേന കുറവായതിനാലുമാണ് പലരും എൽ.പി.ജി ഒാട്ടോറിക്ഷ നിരത്തിലിറക്കിയത്. തുടക്കത്തിൽ ലാഭകരമായിരുന്നു. പിന്നീട് ഇന്ധനം കിട്ടാതായതോടെ സർവീസ് മുടങ്ങി. ഡ്രൈവർമാരുടെ ജീവിതം പട്ടിണിയുടെ വക്കിലുമെത്തി. വടകര, കൊയിലാണ്ടി മേഖലയിലെ ഓട്ടോ ഡ്രൈവർമാർ ആശ്രയിച്ചിരുന്ന പയ്യോളിയിലെ എൽ.പി.ജി ബങ്ക് തുറന്നിട്ട് ഒരുമാസത്തിലേറെയായി. പരാതി പറഞ്ഞു മടുത്തതോടെ ഉപജീവനത്തിനായി മറ്റ് ജോലികൾ തേടിപോയവർ നിരവധിയാണ്. എൽ.പി.ജി ഓട്ടോറിക്ഷകൾ സർവീസ് തുടങ്ങിയിട്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഏതാണ്ട് അത്രതന്നെ വരും ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ദുരിതത്തിനും പ്രായം. ഇന്ധനം കിട്ടാതെ എത്രയോ യാത്രകൾ പാതിവഴിയിൽ അവസാനിപ്പിച്ച അനുഭവം ഡ്രൈവർമാർക്കുണ്ട്. നഗര പരിധിയിൽ കുണ്ടായിത്തോട്, പുതിയങ്ങാടി, സരോവരം ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലാണ് ഗ്യാസ് ബങ്കറുകൾ ഉള്ളത്. പിന്നെയുള്ളത് മുക്കത്തും പയ്യോളിയിലും. മിക്കപ്പോഴും ഇവിടങ്ങളിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടാവില്ല. മലപ്പുറത്തേയും കണ്ണൂരിലേയും ഗ്യാസ് ബങ്കറുകളെ ആശ്രയിച്ച് സർവീസ് നടത്തിയിരുന്നതായി ഡ്രൈവർമാർ പറയുന്നു. നഗരത്തിൽ സർവീസ് നടത്തുന്ന ആയിരത്തോളം എൽ.പി.ജി ഓട്ടോകളിൽ 90ശതമാനവും ബാങ്ക് വായ്പയുള്ളവയാണ്. ഗ്യാസ് മുടക്കം പതിവായതോടെ വരുമാന മാർഗം വഴിമുട്ടിയതിനൊപ്പം വായ്പാ തിരിച്ചടവും മുടങ്ങുന്നു. പരിസ്ഥിതി സൗഹൃദ യാത്രാവാഹനമായ എൽ.പി.ജി ഓട്ടോറിക്ഷകൾക്ക് സ്വീകാര്യത കൂടുതലാണെങ്കിലും ഇന്ധനക്ഷാമം മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
വില തോന്നും പോലെ
ഇന്ധന വിലയിലെ ഏകീകരണമില്ലായ്മയാണ് എൽ.പി.ജി ഓട്ടോറിക്ഷകളുടെ മറ്റൊരു പ്രതിസന്ധി. പല ബങ്കുകളും വ്യത്യസ്ത വിലയ്ക്കാണ് എൽ.പി.ജി വിൽക്കുന്നത്. ചിലയിടത്ത് ലിറ്ററിന് 43 രൂപ ഈടാക്കുമ്പോൾ മറ്റിടങ്ങളിൽ 45 മുതലാണ് വില വരുന്നത്. രാത്രി 9 മണിയോടെ ബങ്കുകൾ അടക്കുന്നതും സർവീസിന് തടസമാകുന്നു.
"പെട്രോളിനും ഡീസലിനും വില ഏകീകരണമുണ്ടെങ്കിലും എൽ.പി.ജിക്ക് തോന്നിയ വിലയാണ്. ഇന്ധനത്തിന്റെ മുഴുവൻ സ്റ്റോക്കും തീർന്നാൽ മാത്രമാണ് പുതിയ സ്റ്റോക്കിന് പല ബങ്കുകളും ഓർഡർ നൽകുന്നത്. പരാതികൾ നിരവധി നൽകിയിട്ടും എൽ.പി.ജി ഇന്ധനം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല''-.
എ.കെ സജീവ് കുമാർ, എൽ.പി.ജി ഓട്ടോ ഡ്രൈവേഴ്‌സ് കൂട്ടായ്മ പ്രസിഡന്റ്