കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ എന്നിവർക്ക് എൽ.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
കോഴിക്കോട് ടൗൺ ഹാളിൽ ഇന്നലെ വൈകിട്ട് ഒരുക്കിയ ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സർക്കാരിനും ഇടതുപക്ഷ മുന്നണിയ്ക്കുമെതിരെ ഉയർത്തിയ കുപ്രചാരണങ്ങൾ ജനങ്ങൾ തിരഞ്ഞെടുപ്പിൽ പാടെ തള്ളിക്കളയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് ജനങ്ങൾക്കൊപ്പം നിന്ന സർക്കാരിന് ലഭിച്ച് അംഗീകാരമാണ് ഈ വിജയം. ജില്ലയിൽ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള നേതൃനിരയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പിലും കൂടി ഉജ്ജ്വലവിജയം ആവർത്തിക്കുമ്പോഴാണ് ഈ വിജയത്തിന്റെ പ്രഭ നിലനിൽക്കുകയെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. കൂട്ടായ പ്രവർത്തനം അതിനായി ഉണ്ടാവണം. നിലവിലെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തുടരാൻ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിലേറേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, പി. ഗവാസ്, മനയത്ത് ചന്ദ്രൻ, എം.കെ. അസീസ്, സി.പി.ഹമീദ്, എം.പി. സൂര്യനാരായണൻ, പി.ടി. ആസാദ്, ബേബി കാപ്പുക്കാട്ടിൽ എന്നിവർ സംസാരിച്ചു. കെ. ദാമോദരൻ, എം.കെ. അസീസ്, മനയത്ത് ചന്ദ്രൻ, പി.വി. മാധവൻ എന്നിവർ പുതിയ സാരഥികളെ ഷാൾ അണിയിച്ചു.