school
ഓ...ഒന്നു കണ്ടല്ലോ...നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂൾ തുറന്നപ്പോൾ ആദ്യഷിഫ്റ്റിലെ ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥിനികൾ അടുത്ത ഷിഫ്റ്റിന് എത്തിയ കൂട്ടുകാരെ കണ്ടുമുട്ടിയപ്പോഴുള്ള ആഹ്ളാദം. നടക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.

കോഴിക്കോട്: പുതിയ അദ്ധ്യയന വർഷത്തിനു തുടക്കം കുറച്ച പുതുവത്സര ദിനത്തിൽ അടങ്ങാത്ത ആഹ്ളാദത്തോടെ സ്‌കൂളിലെത്തിയപ്പോഴും വിദ്യാർത്ഥികളിൽ ആശങ്ക അടങ്ങുന്നില്ല. നീണ്ട ഇടവേള പിന്നിട്ട് കൂട്ടുകാരെ കണ്ടതിന്റെ സന്തോഷം നിറയുന്നതിനിടയിലും രണ്ടു മാസം കഴിയുമ്പോഴേക്കും പരീക്ഷ എത്തിയല്ലോ എന്ന ആശങ്കയായിരുന്നു കാത്തിരിക്കുന്നത് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളിൽ.

ഇന്നലെ രാവിലെ ഒൻപതോടെ ജില്ലയിലെ മിക്ക സ്‌കൂളുകളിലും വിദ്യാർത്ഥികളെത്തി. സ്‌കൂൾ കവാടത്തിൽ കൈകൾ അണുവിമുക്തമാക്കിയ ശേഷം ശരീരോഷ്മാവ് കൂടി പരിശോധിച്ചാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അകത്തേക്ക് കടത്തിവിട്ടത്. രക്ഷിതാക്കളുടെ അനുമതിപത്രവും വാങ്ങിയായിരുന്നു കുട്ടികളുടെ വരവ്.

ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി എന്ന നിലയിൽ 15 മുതൽ 17 വരെ കുട്ടികളാണ് ഒരു ക്ലാസിൽ ഇരുന്നത്. രണ്ടു ഷിഫ്റ്റുകളിലായി മൂന്ന് മണിക്കൂറാണ് ക്ലാസ്. രാവിലെ 9.30 മുതൽ 12.30 വരെയായിരുന്നു ആദ്യ ഷിഫ്റ്റ്. ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ, രണ്ട് മുതൽ അഞ്ച് വരെ എന്നിങ്ങനെയായിരുന്നു എന്നിങ്ങനെ രണ്ടാം ഷിഫ്റ്റും.

ആദ്യനാളിൽ കൊവിഡിനെതിരായ ബോധവത്കരണവും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനുള്ള ക്ലാസുകളുമായിരുന്നു. തിങ്കളാഴ്ച്ച മുതൽ സാധാരണ പേലെ ക്ലാസുകളുണ്ടാവും. കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്നു കൊണ്ടുവരണം. ഉച്ചഭക്ഷണം കൊണ്ടു വരുന്നതിന് വിലക്കുണ്ട്. ഭക്ഷണം കൊണ്ടുവന്ന് പങ്കിട്ട് കഴിക്കാതിരിക്കാനാണിത്. പല കുട്ടികളെയും കൊണ്ടുവിടാനും തിരിച്ചുകൊണ്ടുപോകാനും രക്ഷിതാക്കൾ തന്നെ വാഹനത്തിൽ എത്തിയിരുന്നു.
മാസങ്ങളോളം അടച്ചിട്ട നിലയിലായതിനാൽ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസത്തോടെ പൂർത്തിയാക്കിയിരുന്നു. സ്‌കൂൾ പരിസരവും ടോയ്‌ലറ്റ്, ക്ലാസ് മുറികൾ എന്നിവ അണുവിമുക്തമാക്കി.

കുട്ടികളിലെ മാനസിക പിരിമുറുക്കവും ആകുലതകളും ഒഴിവാക്കുന്നതിന് സ്‌കൂളുകളിൽ കൗൺസിലർമാർ പ്രത്യേക ക്ലാസുകൾ നൽകുന്നുണ്ട്. ഫേസ് ഷീൽഡും മാസ്‌കും ധരിച്ചാണ് അദ്ധ്യാപകർ ക്ലാസെടുക്കുന്നത്.

റിവിഷനെന്ന പോലെ വിദ്യാർത്ഥികൾക്ക് സംശയമുള്ള പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിനാണ് മുൻഗണന. ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെട്ട കുട്ടികൾക്കായി അവയുടെ വീഡിയോ വീണ്ടും പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ജനുവരിയിൽ ക്ലാസും ഫെബ്രുവരിയിൽ റിവിഷനും പൂർത്തിയാക്കി മാർച്ച് 17 ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.