കോഴിക്കോട്: വനാതിർത്തിയോടു ചേർന്നുള്ള കുന്നിൻ മുകളിലെ ആഴമുള്ള കിണറ്റിൽ വീണ കാട്ടാനയെ വനപാലക സംഘം 14 മണിക്കൂറോളം നീണ്ട കഠിനപ്രയത്നത്തിലൂടെ രക്ഷപ്പെടുത്തി. കരയ്ക്കെത്തിയതും ആന കാട്ടിലേക്ക് ഓടി മറഞ്ഞു.
ആനക്കാംപൊയിൽ മുത്തപ്പൻ പുഴയ്ക്കടുത്ത് കർഷകനായ തൊണ്ണൂരിൽ ജോസ് കുട്ടിയുടെ തോട്ടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാവിലെ വനമേഖലയിൽ പട്രോളിംഗിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആന കിണറ്റിൽ കുടുങ്ങിയത് കണ്ടത്. അവർ ഉന്നതാധികൃതരെ അറിയിച്ചു. റോഡിൽ നിന്ന് മുക്കാൽ മണിക്കൂറോളം നടന്നുവേണം ഈ കുന്നിൽമുകളിൽ എത്താൻ. പെട്ടെന്ന് താത്കാലിക വഴി ഒരുക്കി ജെ.സി.ബി കൊണ്ടുവന്ന് രക്ഷാപ്രവർത്തനം തുടങ്ങി. കിണറിനോടു ചേർന്ന് കിടങ്ങുണ്ടാക്കി, അതിലൂടെ ആനയെ രാത്രി എട്ടു മണിയോടെ പുറത്തെത്തിക്കുകയായിരുന്നു.
ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസമെങ്കിലും ആയിട്ടുണ്ടെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.ആനയ്‌ക്ക് കാര്യമായ പരിക്കുകളൊന്നുമില്ലായിരുന്നു. കിണറ്റിൽ കണ്ടതു മുതൽ ആനയ്ക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്നുണ്ടായിരുന്നു.
കോഴിക്കോട് ഡി.എഫ്.ഒ രാജീവ്, കോഴിക്കോട് ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാർ, താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നേറോത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
നേരത്തെ ഈ കുന്നിൻപരിസരത്ത് പതിനഞ്ചോളം കുടുംബങ്ങൾ താമസിച്ചിരുന്നെങ്കിലും വന്യമൃഗങ്ങളുുടെ ശല്യം കാരണം ഒഴിഞ്ഞു പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിസരവാസികളായ കർഷകരാണ് ഭക്ഷണം എത്തിച്ചത്.