മുക്കം: പ്രധാനമന്ത്രി മന്ത്രി ആവാസ് യോജന നിർവഹണത്തിൽ രാജ്യത്തെ മികച്ച നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മുക്കം നഗരസഭയുടെ സാരഥികൾ വീഡിയോ കോൺഫറൻസ് മുഖേന കേന്ദ്ര പാർപ്പിട - നഗരകാര്യമന്ത്രി ഹർദീപ് സിംഗ് പുരിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മുക്കം നഗരസഭയ്ക്കു പുറമെ പദ്ധതി നിർവ്വഹണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഉത്തർപ്രദേശിലെ മിർസപുർ, ജാർഖണ്ടിലെ ജുംറി തിലയ, ഛത്തീസ്‌ഖഡിലെ ദോനെഗ്ര, മദ്ധ്യധ്യപ്രദേശിലെ ഖുറെ എന്നീ നഗരങ്ങളെയും, ഉത്തർപ്രദേശ്, ത്രിപുര, ആന്ധ്രപ്രദേശ്, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ഭവന നിർമാണ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ നഗരസഭകൾക്കുള്ള പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വിദ്യകൾ ഭവന നിർമാണ രംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ദേശീയ അവാർഡ് നേടിയ മുക്കം ഉൾപ്പടെയുള്ള നഗരസഭകളെ പ്രധാനമന്ത്രി അനുമോദിച്ചു.
വെറുമൊരു ഭവന പദ്ധതി എന്നതിലുപരി സമഗ്രപദ്ധതിയായി പി.എം.എ.വൈ നടപ്പാക്കിയതാണ് മുക്കം നഗരസഭയെ അവാർഡിന് അർഹമാക്കിയത്. അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയിലൂൾപെടുത്തി വീടു നിർമാണത്തിനുള്ള സിമന്റു കട്ടകൾ 10 രൂപ നിരക്കിൽ ലഭ്യമാക്കുകയും കിണറുകൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്തതിനു പുറമെ ഓരോ ഗുണഭോക്താവിനും 100 വീതം തൊഴിൽ ദിനങ്ങൾ നൽകുകയുമായിരുന്നു മുക്കം നഗരസഭ. നിർമ്മാണം പൂർത്തിയാക്കിയ വീടുകളിൽ സ്വച്ച് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 1500 രൂപയ്ക്ക് ബയോഗ്യാസ് പ്ലാൻറും നൽകി.
ഗ്യാസ് കണക്‌ഷൻ ഇല്ലാത്ത കുടുംബങ്ങൾക്ക് ഉജ്ജ്വൽ യോജനയിൽ സൗജന്യ കണക്‌ഷൻ നൽകി. പുതിയ വീടുകളിൽ താമസമാക്കിയവർക്ക് പുതിയ റേഷൻ കാർഡ് കാർഡ് നൽകാനും കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനും സിവിൽ സപ്ലൈസ് വകുപ്പുമായി ചേർന്ന് അദാലത്തുകൾ ഒരുക്കുകയും ചെയ്തിരുന്നു.
മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, വൈസ് ചെയർ പേഴ്സൺ അഡ്വ.ചന്ദിനി, മുൻ ചെയർമാൻ വി.കുഞ്ഞൻ, സെക്രട്ടറി എൻ.കെ .ഹരീഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പാർപ്പിടം നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർക്കു പുറമെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മൻമോഹൻ റെഡ്ഡി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവരും സംബന്ധിച്ചു.