പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിനെ തരിശുരഹിതവും മാലിന്യ മുക്തവുമാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പുതിയ പ്രസിഡന്റ് എൻ.പി. ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാലുൽപ്പാദനം വർദ്ധിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കും. നിലവിൽ 14500 ലിറ്റർ പാലാണ് പേരാമ്പ്ര ബ്ലോക്കിനു കീഴിൽ നിത്യേന അളക്കുന്നത്. ഇത് 25000 ലിറ്റർ ആയി വർദ്ധിപ്പിക്കും. ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യ മുക്തമാക്കും. താലൂക്കാശുപത്രി വിപുലീകരണം ത്വരിതഗതിയിലാക്കും. കിഫ്ബി പദ്ധതിയിൽ ആശുപത്രി വികസനത്തിന് 74.5 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും എൻ.പി. ബാബു പറഞ്ഞു. ഡയാലിസിസ് സെന്ററിന്റെ രണ്ടാം ഘട്ടം ഫെബ്രുവരിയോടെ പൂർത്തീകരിക്കുമെന്നും തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ മാസ്റ്റർ പ്ലാൻ തയ്യാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസി സി.കെ. പാത്തുമ്മ, അംഗങ്ങളായ ശശികുമാർ പേരാമ്പ്ര, പി.ടി. അഷ്‌റഫ്, ഗിരിജാ ശശി, കെ. അജിത, കെ.കെ. ലിസി, പാറേമ്മൽ വഹീദ, പി.കെ. രജിത, ബി.ഡി.ഒ പി.എം. ഗംഗാധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.