pa

കൽപറ്റ: വിവിധ രോഗങ്ങൾ ബാധിച്ച് അടയ്ക്കയുടെ ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ അടയ്ക്കക്ക് ഉയർന്ന വില. പൊളിക്കാത്ത അടയ്ക്ക കിലോഗ്രാമിന് 42 രൂപയും പൊളിച്ചതിന് (പൈങ്ങ) 142 രൂപയുമാണ് ഇപ്പോൾ വില. കഴിഞ്ഞ വർത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിലയാണിത്.
ജില്ലയിൽ ഏകദേശം 13,000 ഹെക്ടറിൽ കമുകുകൃഷിയുണ്ട്. 2010ൽ ഇതു 12,123 ഹെക്ടറായിരുന്നു. നെൽക്കൃഷി ആദായകരമല്ലാതായതോടെയാണ് കർഷകർ വയലിൽ കമുകു കൃഷി ആരംഭിച്ചത്. കമുക് തനിവിളയായും ഇടവിളയായും കൃഷി ചെയ്യുന്നവർ ജില്ലയിലുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉത്പാദനത്തകർച്ചയാണ് കമുകു കൃഷിയിൽ. മാഹാളി, ഇല മഞ്ഞളിപ്പ് എന്നീ രോഗങ്ങൾക്കും പുറമേ കായ്‌പൊഴിച്ചിലും വിളവുകുറയാൻ കാരണങ്ങളാണ്. ജില്ലയിലെ കുമുകുതോട്ടങ്ങളിൽ ഏറെയും വിവിധ രോഗങ്ങളുടെ പിടിയിലാണ്.
അടയ്ക്ക വിളവെടുപ്പുകാലം തൊഴിലാളികൾക്കും നല്ലകാലമാണ്. ഒരു കമുകിൽ കയറുന്നതിന് 15 രൂപയാണ് കൂലി. ഒരു ക്വിന്റൽ അടയ്ക്ക പറിച്ച് വിപണിയിൽ എത്തിക്കുന്നതിനു 550 രൂപയാണ് കൂലി.

അടയ്ക്ക പൊളിക്കുന്ന ജോലി ചെയ്യുന്നവരിൽ അധികവും സ്ത്രീകളാണ്. ഒരു ക്വിന്റിൽ അടയ്ക്ക പൊളിക്കുന്നതിന് 1,400 രൂപ വരെയാണ് കൂലി. ദിവസം 5060 കിലോഗ്രാം അടയ്ക്ക പൊളിക്കുന്നവരുണ്ട്.
കർഷകരിൽനിന്നു വ്യാപാരികൾ വാങ്ങുന്ന പൊളിച്ച അടയ്ക്ക ഇടനിലക്കാർ മുഖേന കർണാടകയിലെ മാർക്കറ്റുകളിലേക്കാണ് പ്രധാനമായും കയറ്റുന്നത്. കർണാടകയുടെ വിവിധ ഭാഗങ്ങളിലും തൃശുരിലും പൈങ്ങ സംസ്‌കരണശാലകളുണ്ട്. വയനാട്ടിൽനിന്ന് തൊണ്ടടയ്ക്ക വാങ്ങി കർണാടകയിലെ ഗുണ്ടൽപേട്ടയിലെത്തിച്ച് ഉണക്കി വിൽക്കുന്നവരും വ്യാപാരികൾക്കിടയിലുണ്ട്. തൊണ്ടടയ്ക്ക വൻതോതിൽ വെയിൽകൊള്ളിച്ച് ഉണക്കുന്നതിന് ഗുണ്ടൽപേട്ടയിൽ സ്ഥലസൗകര്യമുണ്ട്.