കുറ്റ്യാടി: മലയോര മേഖലയിലെ വാഴകർഷകരെ പ്രതിസന്ധിയിലാക്കി വിലയിടിവും കാലാവസ്ഥാവ്യതിയാനവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസത്തോളം വിപണി നഷ്ടമായതിന് പിന്നാലെ വിലയിടിവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായ വരവുമാണ് പ്രാദേശിക കർഷക പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചത്. ഇതോടെ മിക്ക കൃഷിക്കാരും വാഴകൃഷി വേണ്ടെന്ന് വയ്ക്കാനുള്ള തയ്യറാറെടുപ്പിലാണ്.
കാവിലുംപാറ, കായക്കൊടി, മരുതോങ്കര, കുന്നുമ്മൽ, തുടങ്ങിയ മേഖലകളിലാണ് കൂടുതലായും വാഴകർഷകർ ഉള്ളത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങിയും, വലിയ പണം കൊടുത്ത് പാട്ടത്തിന്ന് കൃഷിഭൂമി വാങ്ങിയുമാണ് കർഷകർ കൃഷി ഇറക്കുന്നത്. ഇങ്ങനെ കൃഷി ചെയ്താൽ കുല ഒന്നിന്ന് നൂറ്റമ്പത് രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. ഇതിനിടയിൽ ഉൻണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കർഷകർക്ക് പ്രയാസമുണ്ടാക്കുന്നവയാണ്. നിലവിലെ സാഹചര്യമനുസരിച്ച് കിലോ ഒന്നിന് 20,30 രൂപയ്ക്ക് വിൽക്കേണ്ടുന്ന അവസ്ഥയാണ് .
ഇതോടെ മുതൽമുടക്ക് പോലും കിട്ടാത്ത സാഹചര്യത്തിലാണ് പലരും. ഇത് കർഷകരെ കടുത്ത
സാമ്പത്തിക പ്രതിസന്ധിയിലേ്കകാണ് നയിക്കുന്നത്.
സർക്കാർ ഏജൻസികളും പ്രാദേശിക സഹകരണ സംഘങ്ങളും പച്ചക്കായ സംഭരിച്ചിരുന്നുവെങ്കിലും പലതും ഇപ്പോൾ നിർജീവാവസ്ഥയിലാണ്. മലയോര കർഷകരുടെ ദുരവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാറും ബന്ധപെട്ട കൃഷിവകുപ്പും ശ്രമിക്കണമെന്ന് കിസാൻ കോൺഗ്രസ് ജില്ല സെക്രട്ടറി ലൂക്കോസ് വാതപ്പള്ളി, കാവിലുംപാറ മണ്ഡലം കിസാൻ കോൺഗ്രസ് പ്രസിഡന്റ് സോജൻ ആലക്കൽ എന്നിവർ ആവശ്യപെട്ടു.
വിളവെടുകുമ്പോൾ വിലയില്ല
അന്യസംസ്ഥാന കായക്കുല വരവ് കൂടിയതോടെ പ്രാദേശിക കർഷകർ വില കുറച്ചു നൽകാൻ നിർബന്ധിതരായിരിക്കുകയാണ്. കിലോയ്ക്ക് 20 മുതൽ 30 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്.
മുൻ കാലങ്ങളിൽ 40 രൂപ വരെ ലഭിച്ചിരുന്നിടത്താണ് ഈ അവസ്ഥ.