കോഴിക്കോട്:കൊവിഡിൽ നിറം ചോർന്ന ചുമരുകൾ ഇനി കാലത്തോട് കലഹിക്കും. നീണ്ട കാലം നിശ്ചലമായിപ്പോയ ചിത്ര പ്രദർശനത്തിന് ഉണർവ് നൽകി ആർട്ട് ഗ്യാലറി വീണ്ടും തുറന്നു. സംസ്ഥാന സാംസ്കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് സണ്ണി മാനന്തവാടി, അജയൻ കാരാടി, കെ എ ബെന്നി എന്നിവരുടെ ചിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രദർശനം ഒമ്പതിന് സമാപിക്കും. അക്കാദമി എക്സി. അംഗവും ചിത്രകാരനുമായ പോൾ കല്ലാനോട് ഉദ്‌ഘാടനം ചെയ്‌തു. വി.സി അരുൺ, സുനിൽ അശോകപുരം, ജോൺസ് മാത്യു, പി.ടി ജോൺ, മനോജ് യു കൃഷ്‌ണ, കെ സുധീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.