nadapuram
നാദാപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ വികസന ചർച്ച ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

നാദാപുരം: രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ തത്കാലത്തേക്കെങ്കിലും മാറ്റിവെച്ച് പുതിയ ഭരണസാരഥികൾ വികസന സ്വപ്നങ്ങൾ പങ്കുവെച്ചു. നാടിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്ന സമീപനമായിരുന്നു കക്ഷിഭേദമന്യേ എല്ലാവർക്കും.

പുതുവർഷത്തിൽ നാദാപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ വികസന ചർച്ച ക്രിയാത്മക നിർദ്ദേശങ്ങളാൽ ശ്രദ്ധേയമായി മാറി. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ച് വ്യക്തമായ സങ്കല്പത്തോടെയാണ് ഓരോരുത്തരും സംസാരിച്ചത്.

ഇ.കെ.വിജയൻ എം.എൽ.എ ചർച്ചയുടെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനൊപ്പം പുതിയ ജനകീയ പദ്ധതികളും നടപ്പാക്കുമെന്ന് പ്രസിഡന്റുമാർ പറഞ്ഞു. തൂണേരി ബ്ലോക്കിന് കീഴിലെ ഏഴു പഞ്ചായത്തുകളും മലയോരഗ്രാമങ്ങളാണെന്നിരിക്കെ ഇവിടങ്ങളിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സാരഥികൾ. വയോജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണനയുണ്ടാവുമെന്നും അവർ പറഞ്ഞു.

വാണിമേൽ പഞ്ചായത്തിൽ ടൂറിസത്തിനും വളയം പഞ്ചായത്തിൽ നിർധന രോഗികൾക്കു സഹായം ഉറപ്പാക്കുന്നതിനും കൂടുതൽ ശ്രദ്ധ ചെലുത്തും. മൃഗസംരക്ഷണ പദ്ധതികൾക്കും കുടി വെള്ള പദ്ധതികൾക്കും തൂണേരി ഗ്രാമപഞ്ചായത്തിൽ പ്രത്യേക പരിഗണനയുണ്ടാവും. പുറമേരി, എടച്ചേരി പഞ്ചായത്തുകൾ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുമ്പോൾ തന്നെ വായനാശീലം വളർത്തിയെടുക്കാൻ ലൈബ്രറി സൗകര്യങ്ങൾ വ്യാപിപ്പിക്കും. മാലിന്യസംസ്കരണത്തിന് അങ്ങേയറ്റം ശ്രദ്ധ ചെലുത്തുമെന്ന് പുറമേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി വി മമ്മു അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ ജമാൽ കല്ലാച്ചി ചർച്ച നിയന്ത്രിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി വനജ, വി വി മുഹമ്മദലി, പി സുരയ്യ, അഡ്വ. ജ്യോതിലക്ഷ്മി, പത്മിനി ,കെ പി പ്രദീഷ് ,വൈസ് പ്രസിഡന്റുമാരായ അരവിന്ദാക്ഷൻ, കെ മധുമോഹനൻ, അഖില മര്യാട്ട്, കെ പി കുമാരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, പി പി ചാത്തു, സി വി കുഞ്ഞികൃഷ്ണൻ ,കെ ടി കെ ചന്ദ്രൻ, ഹമീദ് കളത്തിൽ, നാസർ കുറവമ്പത്ത്, വ്യാപാരി പ്രതിനിധി അബ്ബാസ് കണേക്കൽ എന്നിവർ സംസാരിച്ചു.