cpm

കോഴിക്കോട്: യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുമ്പോഴും മുസ്ലീം ലീഗ് ബി.ജെ.പിയെ തോല്പിക്കുക എന്ന അജണ്ടയോടെ പലയിടങ്ങളിലും സി.പി. എമ്മിനെ സഹായിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ നേതൃയോഗം വിലയിരുത്തി. സി.പി.എമ്മിന്റെ കള്ളക്കാമുകിയായി മാറി ലീഗ്. ആത്മാഭിമാനമുള്ള. കോൺഗ്രസ്സുകാർ യു. ഡി. എഫ് വിടുകയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ലാ നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച് ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു.

ബി.ജെ.പിയ്ക്ക് വലിയ ജയസാദ്ധ്യതയുണ്ടായിരുന്ന കോർപ്പറേഷൻ ഡിവിഷനുകളിൽ ലീഗ്, സി.പി.എം, എസ്.ഡി.പി. ഐ കക്ഷികൾ വോട്ട് മറിച്ചിട്ടില്ലായിരുന്നെങ്കിൽ തിളങ്ങുന്ന വിജയം ഉറപ്പായിരുന്നു. യു.ഡി.എഫിൽ പിന്നീടുണ്ടായ പ്രശ്‌നങ്ങളും വോട്ട് മറിച്ചതിന് തെളിവാണ്. പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ ജനപ്രതിനിധികളുടേ എണ്ണം 27 ൽ നിന്നു 35 ലേക്ക് ഉയർത്താനായത് വലിയ നേട്ടമാണ്.

നിലവിലുണ്ടായിരുന്ന പന്ത്രണ്ട് സിറ്റിംഗ് സീറ്റുകളിലും വിജയത്തോടടുത്ത് നിന്നിരുന്ന നിരവധി വാർഡുകളിലും ബി. ജെ.പി വോട്ടിൽ ഗണ്യമായ വർദ്ധനവുണ്ടായി. എന്നാൽ രണ്ടു മുന്നണികളും വോട്ട് മറിച്ച് പലയിടത്തും ബി.ജെ.പി വിജയം അട്ടിമറിച്ചു. ബി.ജെ.പിക്കു ജയസാദ്ധ്യതയുണ്ടായിരുന്ന വാർഡുകളിൽ ഏതെങ്കിലും ഒരു മുന്നണിയ്ക്ക് വോട്ട് വല്ലാതെ കുറഞ്ഞത് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്.

കോർപ്പറേഷനിൽ 7 സീറ്റിൽ വിജയിക്കാനായതും 22 ഡിവിഷനുകളിൽ രണ്ടാംസ്ഥാനത്ത് എത്താനായതും മറ്റു പല ഡിവിഷനുകളിലും വോട്ട് നിലയിൽ വൻമുന്നേറ്റം നടത്തിയതും സാമൂതിരിയുടെ മണ്ണിൽ ബി. ജെ.പിയ്ക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ കഴിഞ്ഞാൽ ബി. ജെ.പി വോട്ട് ഷെയറിൽ മുൻ നിരയിലുള്ള കോർപ്പറേഷനായി കോഴിക്കോടിന് മാറാൻ സാധിച്ചു. ഇടതുകോട്ടയായ പുതിയറയിലെയും സംഘടനാ സംവിധാനം കുറഞ്ഞ അത്താണിക്കലിലും നേടിയ അട്ടിമറി വിജയം സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായി മാറി. ജില്ലയിൽ 129 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി വോട്ട് ഷെയറിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി നേതാക്കൾ അവകാശപ്പെട്ടു.

നേതൃയോഗം ബി. ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, അഡ്വ.കെ. പി.പ്രകാശ് ബാബു, ഉത്തരമേഖല അദ്ധ്യക്ഷൻ ടി.പി.ജയചന്ദ്രൻ, സി.അർ. പ്രഫുൽ കൃഷ്ണൻ, എൻ.പി.രാധാകൃഷ്ണൻ, എം.മോഹനൻ , ടി.ബാലസോമൻ, പി. ജിജേന്ദ്രൻ എന്നിവർ സംസാരിച്ചു.